പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോളെ (36 ) ആണ് കോതമംഗലം സ്വദേശിയായ ഭർത്താവ് ഇരപ്പുംകുടി വീട്ടിൽ ലൈജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ലൈജുവിന്‍റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു. കാലിൽ ഉണ്ടായ മുറിവിനെ തുടർന്ന്
മൂന്നാഴ്ചയായി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ലൈജു ശനിയാഴ്ച ഉച്ചയോടെയാണ് തിരികെ എത്തിയത്.
ഞായറാഴ്ച രാവിലെ 11 ഓടെ ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്നും ബൈക്കിൽ കടന്നു കളഞ്ഞ ലൈജുവിനെ പെരുമ്പാവൂർ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.
പ്രതി പോലീസ് നിരീക്ഷണത്തിലാണ്. മരിച്ച ജിബി മോൾക്ക് രണ്ട് മക്കൾ ഉണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാത്തതിന്‍റെ പേരിൽ കുറച്ച് നാൾ ലൈജു ജയിലിൽ ആയിരുന്നു.
Tags : Wife death Suspect injured accident