1914 ജൂലൈ 18 മുതൽ 1918 നവംബർ 11 വരെ നീണ്ട ഒന്നാം ലോകയുദ്ധം ദീപികയുടെ ഒന്നാം പേജുകളിലെ സവിസ്തര വാർത്തകളായിരുന്നു.
ഭയാനകമായ ലോകയുദ്ധസംഭവങ്ങൾ മലയാളികൾക്ക് വായിച്ചും കേട്ടും അറിയാനും പറയാനുമുള്ള വിരലിലെണ്ണാവുന്ന മാധ്യമങ്ങളിലൊന്നായിരുന്നു ദീപിക. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു പ്രസാധനം. റോയിട്ടർ അടക്കമുള്ള വിദേശ വാർത്താ ഏജൻസികളിൽനിന്നുള്ള ടെലിഗ്രാമായിരുന്നു മാന്നാനം ഓഫീസിൽ വാർത്തകളുടെ ഉറവിടം.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക എന്നീ സഖ്യ ശക്തികൾ ഒരുവശത്തും ഓസ്ട്രിയ-ഹംഗറി, ജർമനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികൾ മറുവശത്തുമായി ഇരുപക്ഷവും നിലയുറപ്പിച്ചു.
യുദ്ധനീക്കങ്ങളും വൻകെടുതികളും വിവരിച്ചിരുന്നത് തെക്കൻ യുദ്ധം, പടിഞ്ഞാറെ യുദ്ധം, കിഴക്കൻ യുദ്ധം എന്നിങ്ങനെ ദിക്കുകൾ തിരിച്ചായിരുന്നു. വൈകി കിട്ടിയ വാർത്തകൾ എന്ന തലക്കെട്ടിലും യുദ്ധവാർത്തകൾ ഉൾപ്പെടുത്തിയിരുന്നു. വിമാനങ്ങളുടെ വിളയാട്ടം, ഉത്തരസാഗരത്തിൽ പടക്കപ്പലുകൾ, സൂയസ് തോട്ടിൽ തുർക്കികളുടെ ആക്രമണം എന്നിങ്ങനെപോകുന്നു തലക്കെട്ടുകൾ.
പി.കെ. മധുസൂദനൻ എഴുതിയ "യുദ്ധസങ്കടം തുള്ളൽപ്പാട്ടും' വാർത്താപേജിൽ ഇടംപിടിച്ചു. യുദ്ധവൃത്താന്ത ശകലങ്ങൾ എന്ന കോളത്തിൽ "സ്വിറ്റ്സർലണ്ടിന്റെ അപകടം' എന്ന വാർത്ത ഇങ്ങനെ: "യുദ്ധത്തിൽ ഒരു ഭാഗത്തും ചേരാതെ വാസ്തവത്തിൽ നിഷ്പക്ഷ നിലയെ വല്ല രാജ്യക്കാരും പാലിക്കുന്നുണ്ടെങ്കിൽ, അതു സ്വിറ്റ്സർലണ്ടുകാരാണെന്നുള്ളതു നിരാക്ഷേപമായ സംഗതിയാണ്. എന്നാൽ ഈ യുദ്ധത്തിൽ ജർമൻകാർ വിജയികളാകുന്നപക്ഷം സ്വിറ്റ്സർലണ്ടുകാർക്കു സാരമായ പല അപകടങ്ങളും നേരിടാനിടയുണ്ടെന്നു ഫ്രാൻസിലെ മാറ്റിൻ എന്ന പത്രം സകാരണം പ്രസ്താവിച്ചിരിക്കുന്നു.'
90 ലക്ഷം പട്ടാളക്കാർക്കും 70 ലക്ഷം സാധാരണക്കാർക്കും നാലു വർഷം നീണ്ട യുദ്ധത്തിൽ ജീവൻ നഷ്ടമായി. 1918 നവംബർ 15ലെ പത്രത്തിലാണ് യുദ്ധം അവസാനിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. അതിൽ പറയുന്നു: "യുദ്ധം നിറുത്തിവയ്ക്കുന്നതിനുള്ള തത്കാല ഉടന്പടിയെപ്പറ്റി പര്യാലോചിക്കുന്നതിനു ഫ്രാൻസിൽ എത്തിയിരിക്കുന്ന ജർമൻ പ്രതിനിധികൾ, സങ്കലിതരുടെ വ്യവസ്ഥ അനുസരിച്ചുള്ള ഉടന്പടിക്ക് ഈ നവംബർ 11ന് അതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച 5 മണിക്കു ഒപ്പുവച്ചതുകൊണ്ടു പകൽ 11 മണിക്ക് എല്ലാ രംഗങ്ങളിലും യുദ്ധം നിറുത്തിവച്ചിരിക്കുന്നു. ഈ യുദ്ധത്തിന് കാരണഭൂതനായ കൈസർ ചക്രവർത്തി ലോകത്തിൽനിന്നും തിരോധാനം ചെയ്തു.’
Tags : World War I News detail deepika@140