കഴക്കൂട്ടം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് വാടകവീടിന് യുവാവ് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ വീടാണ് സഹോദരീപുത്രനായ ഫൈസൽ ഇന്ന് പുലർച്ചെ നാലിന് തീയിട്ടത്. തീപിടിത്തം ഉണ്ടായ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ബുധനാഴ്ച രാത്രി ഏഴോടെ വീട്ടിലെത്തിയ ഫൈസൽ കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ ദമ്പതികൾ വിസമ്മതിച്ചതോടെ വീടിന് മുന്നിൽ വെച്ച് ഫൈസൽ ബഹളം വയ്ക്കുകയും കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തു.
ഫൈസലിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം പുലർച്ചെയോടെ ഇയാൾ വീണ്ടും എത്തി വീടിന് തീയിടുകയായിരുന്നു.
പുലർച്ചെ നാലിന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.
ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. വീടിനുള്ളിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പോലീസിന്‍റെ നീക്കം.
ലഹരിക്ക് അടിമയായ പ്രതി നേരത്തെയും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Tags : kaniyapuram fire home Youth