സ്കൂൾ പഠനകാലത്ത് അമേരിക്ക അത്രയൊന്നും മോഹിപ്പിച്ചിരുന്നില്ല. 2001ൽ വേൾഡ് ട്രേഡ് സെന്റർ തകർന്നത് ജോലിസാധ്യതകളെയും ഭാവിയെയുമൊക്കെ എത്ര ബാധിക്കുമെന്ന് എൻജിനിയറിംഗ് കോളജിൽ ചർച്ചയായതോടെയാണ് സ്വപ്നങ്ങളിലേക്ക് ഒരു ലൊക്കേഷൻ അയച്ചിടുന്നത്.
കുറെ പേർ പറയുന്നത് കേട്ടുപഠിച്ച് ജിആർഇ (Graduate Record Examination) എന്നൊക്കെ പത്രാസ് പറഞ്ഞുനടന്നു കുറച്ചുകാലം. കാലം കുറച്ച് ഫാസ്റ്റ് ഫോർവേർഡ് ചെയ്താൽ പിന്നെ നിൽക്കുന്നത് മുംബൈയിലെ യുഎസ് കോൺസുലേറ്റിലാണ്; ഏഴ് മാസം മാത്രം പ്രായമുള്ള മോൾക്കൊപ്പം! ആൾക്കാർ മണിക്കൂറുകൾ കാത്തുനിന്ന് കിട്ടുന്ന അമേരിക്കൻ വീസ ഞങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ കിട്ടി. ജനിച്ച് ഏഴു മാസത്തോളം വാശി പിടിച്ചു കരയാതിരുന്ന കുട്ടി അവിടെ ചെന്നതും ഉറക്കെ കരഞ്ഞതുകൊണ്ട്!ഉർവശീശാപം ഉപകാരം എന്ന് കരുതി വിമാനം കേറി.
എച്ച് 4 വീസയിൽ വരുന്നവർ അമേരിക്കൻ മണ്ണിൽ പ്രതിഫലമുള്ള ഒരു ജോലിയിലും ഏർപ്പെടാൻ പാടില്ല. പുതുമോടിയിൽ അമേരിക്കയുടെ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും കണ്ടുകഴിഞ്ഞപ്പോഴാണ് ഊരാക്കുടുക്ക് മുറുകുന്നത് അറിഞ്ഞത്. രാത്രികൾ പകലുകളാക്കി നേടിയെടുത്ത സർട്ടിഫിക്കറ്റുകൾക്കൊക്കെ കടലാസിന്റെ വില പോലുമില്ലാതാകുന്നു.
അമേരിക്കയിലാണെങ്കിലും പ്രായം കൂടുന്നതിന് ഇളവുകളൊന്നും ഇല്ലാത്തതുകൊണ്ട് ഒപ്പമുള്ളവർ എക്സ്പീരിയൻസ് വാരിക്കൂട്ടിയപ്പോൾ നോക്കെത്താദൂരത്ത് കണ്ണുംനട്ട് നക്ഷത്രമെണ്ണുന്നത് ഒരു ഹോബിയാക്കി.“Bloom where you are planted” എന്നാണല്ലോ. പിന്നെ അമേരിക്ക എന്ന മഹാസാമ്രാജ്യത്തിനോട് ഐക്യപ്പെടാനുള്ള ഭഗീരഥയത്നം തുടങ്ങി. ജീവിതത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങൾവരെ തപ്പിയെടുത്ത് കൊണ്ടുവന്ന് ചെയ്യും.
ചൊവ്വയിൽ പോകാൻ പറഞ്ഞാൽ പോലും ചെയ്തുപോകുന്ന അവസ്ഥ! എന്നെങ്കിലുമൊരിക്കൽ ഒരു ജോലിക്ക് കയറേണ്ടി വന്നാൽ, മറിച്ചിട്ടതായി കാണിക്കാൻ ഒരു മലയെങ്കിലും വേണമല്ലോ!ഇന്റർനെറ്റിന്റെ സാധ്യതകളൊക്കെ എല്ലാവരിലേക്കും എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ അന്ന്. മിനിറ്റുകളെണ്ണി വാങ്ങുന്ന കോളിംഗ് കാർഡുകളിലായിരുന്നു നാട്ടിലേക്കുള്ള വിളികളൊക്കെ.
ദൂരവും യാത്രാദൈർഘ്യവും കാരണം നഷ്ടമായ കൂടിച്ചേരലുകൾ, അവസാനത്തെ യാത്രാമൊഴികൾ. കണക്കെടുപ്പുകളിലൊന്നും ആഴത്തിൽ പതിയാതെ പോകും ഇവയെല്ലാം. മണിക്കൂറുകളോളം വീഡിയോ കോൾ വരെ ചെയ്ത് അകലം അലിയിച്ചുകളയുന്ന ഈ കാലം പഴയ ആ കാലത്തിനോട് പ്രതികാരം ചെയ്യുന്നതാണോയെന്ന് സംശയിച്ചുപോകും ചിലപ്പോൾ.ഒറ്റപ്പെടലിന്റെയും നഷ്ടബോധങ്ങളുടേയും ഇടയിലും അമേരിക്കയിലെ ഏറ്റവും മനോഹരമായ കാലം നവംബർ-ഡിസംബർ ആണ്.
Season of Joy എന്ന് പറയുന്നതുപോലെതന്നെ അന്തരീക്ഷത്തിൽ മുഴുവൻ ആനന്ദം നിറയുന്ന ഒരു സുന്ദരാനുഭവം ആണത്. നവംബറിലെ അവസാനത്തെ വ്യാഴാഴ്ച ആണ് താങ്ക്സ്ഗിവിംഗ്. ആദ്യത്തെ കുടിയേറ്റക്കാരായി എത്തിയവർക്ക് ആതിഥ്യമരുളിയ നേറ്റീവ് ഇന്ത്യൻസിന് നന്ദിസൂചകമായാണ് ഈ ആഘോഷം കൊണ്ടാടപ്പെടുന്നതെങ്കിലും ‘നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ’ എന്ന് നമ്മളെത്തന്നെ സ്വയം ഒന്ന് നവീകരിച്ചെടുക്കാൻ സാധിക്കുന്ന ഒരു വേള കൂടിയാണത്.
താങ്ക്സ്ഗിവിംഗ് വ്യാഴാഴ്ച രാത്രി പുലരുന്നത് അമേരിക്കയിലെ ഷോപ്പിംഗ് മാമാങ്കം ബ്ലാക്ക് ഫ്രൈഡേയിലേക്കാണ്. കഴിഞ്ഞ ഒരു വർഷത്തെ സമ്പാദ്യം ഒട്ടുമുക്കാലും ചെലവഴിക്കപ്പെടുന്ന ഒരു പുലരിയാണത്. ഏത് കൂരിരുട്ടിനെയും തോല്പിക്കാൻ ഒരു നുള്ള് വെളിച്ചം മതിയെന്ന് ഉറപ്പിച്ചുപറഞ്ഞ് ക്രിസ്മസ് ദീപങ്ങൾ മിന്നിമായും. എത്ര അനിശ്ചിതത്വങ്ങൾക്കു നടുവിലും അത് ഒരു പ്രതീക്ഷയാണ്.2015ൽ എച്ച് 4 വീസയിലുള്ളവർക്ക് ചില നിബന്ധനകളോടെ Employment Autho rization അനുവദിക്കപ്പെട്ടു.
നമ്മുടെ മാവ് പൂക്കാൻ പക്ഷേ പിന്നെയും കാലമെടുത്തു. ശൂന്യതയേക്കാൾ ഭേദം എന്ന് കണ്ട് ഒരു അധ്യാപികയായി. പ്രീസ്കൂളിലായിരുന്നു ആദ്യം. കളിയും ചിരിയും മാത്രമല്ലാതെ വൃത്തിയായി എഴുതാനും സ്പഷ്ടമായി വായിക്കാനുംവരെ മൂന്നും നാലും വയസുള്ള കുട്ടികളെ പഠിപ്പിക്കണമെന്നത് നിർബന്ധമുള്ള സ്ഥാപനമായിരുന്നു അത്. C-a-t cat എന്നെഴുതി പഠിച്ച് ബിരുദമെടുത്ത് എത്തിയ ഞാൻ ക്-അ-റ്റ് cat എന്ന ഫോണിക്സിന്റെ ബാലപാഠങ്ങൾ പഠിച്ചു, പഠിപ്പിച്ചു. ജീവിതമേ ഒരു വിദ്യാലയം, പ്രവാസജീവിതം ഒരിക്കലും പഠിച്ചുതീരാത്ത ഒരു സർവകലാശാലയും!അമേരിക്ക അറിയപ്പെടുന്നത് സ്വപ്നങ്ങളുടെയും സാധ്യതകളുടെയും നാടായിട്ടാണ്.
ഉറ്റവരും ഉടയവരും കൈയെത്താത്തിടത്തോളം കണ്ണെത്താത്തിടത്തോളം അകലെ ആവുമ്പോൾ ആയുഷ്കാലം ഒറ്റയൊരു തെരഞ്ഞെടുപ്പിലേക്ക് ചുരുങ്ങുന്നു. വ്യത്യസ്തങ്ങളായ രണ്ട് ലോകങ്ങളിലേതു വേണമെന്ന തെരഞ്ഞെടുപ്പ്! ‘തിരികെ മടങ്ങുവാൻ, തീരത്തണയുവാൻ ഞാൻ കൊതിക്കാറുണ്ടിപ്പോൾ’ എന്ന് മനസ് ചിലപ്പോൾ ജയിക്കുന്നു. കർത്തവ്യം, കൈവല്യം എന്നെല്ലാമായി ചിലപ്പോൾ ബുദ്ധിയും ജയിക്കുന്നു. ഇന്ന് അമേരിക്കയുടെ ഇരുനൂറ്റി അൻപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അനേകായിരങ്ങളുടെ പ്രതീക്ഷകൾക്ക് തണലാവാൻ ‘Long Live America!’
Tags : Enchanting depressing American trip