ചക്ക
ഇന്ന് ചക്ക ദിനമാണ്. കേരളത്തിൽ വിളയുന്ന ചക്കയുടെ സിംഹഭാഗവും പാഴായി പോകുകയാണ്. ഔഷധമൂല്യമുണ്ടെന്നു കണ്ടെത്തിയിട്ടും ചക്കയോട് എന്തുകൊണ്ടാണ് ഈ അയിത്തം?
കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്ന വിശേഷണവും ചക്കയ്ക്കു സ്വന്തം. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ അന്പതു ശതമാനത്തോളം വിളയുന്നത് കേരളത്തിലും.
ആലപ്പുഴ മെഡിക്കൽ കോളജിൽ അടുത്തിടെ നടന്ന ഒരു പഠനറിപ്പോർട്ടനുസരിച്ച് ചക്കയെ ഗൗരവത്തിലെടുക്കണം. മുൻ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാറിന്റെ നേതൃത്വത്തിൽ അഞ്ചു ഡോക്ടർമാർ അടങ്ങിയ സംഘം നൂറു പ്രമേഹ രോഗികളിൽ നടത്തിയ പഠനത്തിൽ പുറത്തുവന്ന വിവരം ചക്ക കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്നാണ്. കൂടാതെ രക്തസമ്മർദം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയിലും കുറവുണ്ടായി. ഈ രംഗത്ത് കൂടുതൽ ആഴത്തിലുള്ള പഠനം വേണം.
സമാന്തരമായി പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ് നടത്തുന്ന പഠനങ്ങളും ഏറെ പ്രതീക്ഷ പകരുന്നതാണ്. കീമോതെറാപ്പിയെടുക്കുന്നവർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ പച്ചച്ചക്ക പൊടിക്കു കഴിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. പൊണ്ണത്തടി, കരൾ രോഗങ്ങളിലേക്കും അദ്ദേഹത്തിന്റെ തുടർപഠനം നീളുന്നു.
ചക്ക ഒരു മികച്ച പ്രമേഹ ഭക്ഷണമാണെന്നു പറയാൻ നമുക്ക് ആലപ്പുഴ മെഡിക്കൽ കോളജിലെ പഠന റിപ്പോർട്ട് മാത്രം മതി. ഗോതമ്പിനേക്കാളും ഓട്സിനേക്കാളുമെല്ലാം അനുയോജ്യമാണ് ചക്കയെന്ന് തിരുവനന്തപുരത്ത് ജാക്ഫ്രൂട്ട് പ്രമോഷനൻ കൗൺസിലിന്റെ യോഗത്തിൽ ഡോ. പദ്മകുമാർ പറഞ്ഞത് ആശാവഹമാണ്. പുതു തലമുറ ഇതിനോട് അകലം പാലിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ചക്ക സദ്യകളിലൂടെയും മറ്റും സ്കൂളുകൾ വഴി അവബോധം സൃഷ്ടിക്കാവുന്നതേയുള്ളൂ.
പ്രതിവർഷം 14.3 ലക്ഷം ടൺ ചക്ക കേരളത്തിൽ വിളയുന്നുവെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതിൽ ഇവിടെ ഉപയോഗിക്കുന്നത് കഷ്ടിച്ച് രണ്ടു ലക്ഷം ടൺ മാത്രം. പാഴാക്കി കളയുന്ന ചക്കയ്ക്ക് കിലോയ്ക്ക് 10 രൂപ പ്രകാരം കണക്കാക്കിയാൽ ഒരു വർഷം നമ്മുടെ വരുമാന നഷ്ടം ഏകദേശം 1200 കോടി എന്നു കണക്കാക്കാം.
ചക്ക സംഭരിച്ച് സൂക്ഷിക്കുന്നതിനും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി ആഭ്യന്തര- വിദേശവിപണികളിൽ എത്തിക്കുന്നതിനും കർഷകരെ സഹായിക്കേണ്ടതുണ്ട്.
നമ്മുടെ തനതായ പ്ലാവിനങ്ങളുടെ കൃഷിവ്യാപനത്തിനും പദ്ധതി വേണം. മറ്റു മരങ്ങളെ അപേക്ഷിച്ച് കൂടുതൽ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളുന്നുവെന്ന യോഗ്യതയും പ്ലാവിനെ കൂടുതൽ സ്വീകാര്യമാക്കും.
വളമോ കീടനാശിനി പ്രയോഗമോ ഇല്ലാതെ വിളവെടുക്കാമെന്നതിനാൽ പ്ളാവിൽനിന്നു കിട്ടുന്ന ചക്കയോളം സുരക്ഷിതമായ പച്ചക്കറിയോ ഫലമോ വേറെയുണ്ടോ എന്നും സംശയം.
Tags : No one recognized jackfruit