പ്രതീകാത്മക ചിത്രം
ഇന്ത്യയുടെ ഏറ്റവും നേരിട്ടുള്ള ജനാധിപത്യ വേദിയാകേണ്ട ഒന്നാണ് ഗ്രാമസഭ. പക്ഷേ, പല ഗ്രാമങ്ങളിലും അത് സജീവമായി പ്രവർത്തിക്കുന്നില്ല. ഭരണഘടനാപരമായ ഒരു വാഗ്ദാനമായി മാത്രം അവശേഷിക്കുന്നു.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിനുവേണ്ടി ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ്’ തയാറാക്കിയ, ‘സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമസഭകളിലെ കുറഞ്ഞ പങ്കാളിത്തത്തെക്കുറിച്ചുള്ള ദേശീയ പഠന റിപ്പോർട്ട്’ ഏറെ സമയബന്ധിതമായ ഒന്നാണ്. ആളുകൾ എന്തുകൊണ്ടാണ് യോഗങ്ങളിൽ പങ്കെടുക്കാത്തത് എന്നു മാത്രമല്ല ഈ റിപ്പോർട്ട് ചോദിക്കുന്നത്; ഗ്രാമീണ ജനാധിപത്യത്തിന്റെ അടിത്തറയായ ഈ സ്ഥാപനത്തിന് ജനവിശ്വാസം നേടിയെടുക്കാൻ കഴിയാതെപോകുന്നത് എന്തുകൊണ്ടാണ് എന്നുകൂടിയാണ്.
26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 213 ജില്ലകളിലായി നാനൂറോളം ഗ്രാമപഞ്ചായത്തുകളിലെ 7,800ലധികം ആളുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നിതി ആയോഗ് അംഗമായ ആർ. ബാലസുബ്രഹ്മണ്യം ന്യൂഡൽഹിയിൽവച്ച് പ്രകാശനം ചെയ്ത ഈ റിപ്പോർട്ട്.
ആദിവാസി മേഖലകളിലെ പഞ്ചായത്തുകളും സ്ത്രീസൗഹൃദ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. കേവലം ഹാജർ നിലയ്ക്ക് അപ്പുറം പോയി അവബോധം, ആശയവിനിമയം, പങ്കാളിത്തം, ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പങ്കാളിത്തത്തിനുള്ള തടസങ്ങൾ, ജനങ്ങളുടെ നിർദേശങ്ങൾ, മികച്ച മാതൃകകൾ എന്നിവയെല്ലാം പരിശോധിക്കുന്നു എന്നതിലാണ് ഈ പഠനത്തിന്റെ പ്രാധാന്യം.
ഭരണഘടനയുടെ അനുച്ഛേദം 243A (Article 243A) വിഭാവന ചെയ്യുന്നത്, ഗ്രാമപഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത ഓരോ വോട്ടർക്കും പ്രാദേശിക ഭരണത്തിൽ പങ്കാളികളാകാനുള്ള ഒരു വേദിയാണ് ഗ്രാമസഭ എന്നാണ്. ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ ചർച്ച ചെയ്യുക, ഗുണഭോക്തൃ പട്ടികകൾ അംഗീകരിക്കുക, പരാതികൾ ഉന്നയിക്കുക, പൊതുവിഭവങ്ങൾ വിലയിരുത്തുക, പ്രാദേശിക ആസൂത്രണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുക, സാമൂഹിക ഓഡിറ്റിംഗ് ശക്തമാക്കുക എന്നിവയെല്ലാമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. തത്വത്തിൽ, പദ്ധതികൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എന്ന നിലയിൽനിന്ന് പ്രാദേശിക വികസനത്തിന്റെ പങ്കാളികളായി പൗരന്മാരെ മാറ്റാൻ ഇതിന് കഴിയും. എന്നാൽ, പ്രായോഗിക തലത്തിൽ ഈ മാറ്റം എല്ലായിടത്തും ഒരുപോലെയല്ല.
അർഥവത്തായ പങ്കാളിത്തം
റിപ്പോർട്ട് പ്രകാശനവേളയിൽ, ജനകേന്ദ്രീകൃതമായ ഭരണത്തിനും വികസനം അവസാനത്തെ ആളിലേക്കും എത്തിക്കുന്നതിനും സജീവമായ ഗ്രാമസഭകൾ അത്യാവശ്യമാണെന്ന് ഡോ. ബാലസുബ്രഹ്മണ്യം അടിവരയിട്ടു പറഞ്ഞു. വെറും സർക്കുലറുകൾ ഇറക്കിയതുകൊണ്ടുമാത്രം ജനപങ്കാളിത്തം ഉണ്ടാക്കാൻ കഴിയില്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പ്രധാനമാണ്. നിർബന്ധിപ്പിച്ചുണ്ടാക്കുന്ന പങ്കാളിത്തം യഥാർഥ പങ്കാളിത്തമല്ല. അർഥവത്തായ പങ്കാളിത്തം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകണം. അവബോധം, ഇടപെടൽ, ശക്തീകരണം. ഇതിൽ അവസാന ഘട്ടം വളരെ പ്രധാനമാണ്. ഗ്രാമസഭയുടെ ശബ്ദത്തോട് ഭരണകൂടം അനുകൂലമായി പ്രതികരിക്കുമ്പോൾ മാത്രമാണ് യഥാർഥ ശക്തീകരണം ആരംഭിക്കുന്നത്.
റിപ്പോർട്ടിലെ ശിപാർശകൾ പ്രായോഗികമാണ്. നാഷണൽ ഗ്രാമസഭ അവബോധപ്രചാരണ മിഷൻ, പൗരാവകാശങ്ങളെയും ഗ്രാമസഭയെയുംകുറിച്ചുള്ള ഹാൻഡ്ബുക്ക്, യോഗങ്ങൾക്കു മുൻപായി വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണം, ജനങ്ങളുടെ തൊഴിൽ സാഹചര്യങ്ങൾ പരിഗണിച്ചുള്ള സമയക്രമീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന ഗ്രാമസഭ മാതൃകകൾ, യോഗ തീരുമാനങ്ങളിൽ എടുത്ത നടപടികളുടെ റിപ്പോർട്ട്, അജൻഡകളുടെയും ബജറ്റുകളുടെയും സുതാര്യമായ വെളിപ്പെടുത്തൽ, വിവിധ വകുപ്പുകളുടെ ഏകോപനം, പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമ്മാനങ്ങൾ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയ സംവിധാനങ്ങൾ എന്നിവ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. പ്രശ്നങ്ങളുടെ വിശകലനം കാണിക്കുന്നത് 55% തടസങ്ങളും സമയക്കുറവും ജീവനോപാധിയുമായി ബന്ധപ്പെട്ടതാണെന്നാണ്. അതേസമയം 48.2% നിർദേശങ്ങളും ആവശ്യപ്പെടുന്നത് ശക്തമായ അവബോധവും മികച്ച ആശയവിനിമയവുമാണ്.
സജീവമായ ഗ്രാമസഭകൾക്കായുള്ള ‘സ്റ്റാൻഡാർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ’ ഈ പദ്ധതികൾക്ക് ഭരണപരമായ രൂപം നൽകുന്നു. ഇത് സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ കൃത്യമായ ചുമതലകൾ നിശ്ചയിക്കുന്നു. പഞ്ചായത്ത് തലത്തിൽ, യോഗത്തിനു മുൻപുള്ള ഒരുക്കങ്ങൾ, യോഗത്തിനിടയിലെ ചർച്ചകൾ, അതിനുശേഷമുള്ള സുതാര്യമായ വെളിപ്പെടുത്തലുകൾ, പരാതി പരിഹാരങ്ങൾ, തുടർനടപടികൾ എന്നിവയ്ക്ക് ഇത് ഊന്നൽ നൽകുന്നു. മുൻകൂട്ടിയുള്ള കലണ്ടർ, വീടുകളിലുള്ള പ്രചാരണം, ഹെൽപ്പ് ഡെസ്കുകൾ, പ്രോക്സി അധ്യക്ഷന്മാർ പാടില്ലെന്ന നിബന്ധന, അന്നുതന്നെ നടപടികൾ രേഖപ്പെടുത്തൽ, ‘പഞ്ചായത്ത് നിർണയ്’, ‘സഭാസാർ’ എന്നിവയിലൂടെ നടപടികൾ അപ്ലോഡ് ചെയ്യൽ തുടങ്ങിയ പ്രവർത്തന വിവരങ്ങളും ഇതിലുണ്ട്.
മികച്ച മാതൃകകൾ
വികേന്ദ്രീകരണം എങ്ങനെ വിജയകരമാക്കാം എന്നതിന് വിവിധ സംസ്ഥാനങ്ങളിലെ മികച്ച മാതൃകകൾ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ചെമ്പിലോട് പഞ്ചായത്ത് കുടുംബശ്രീ വഴിയുള്ള പ്രചാരണങ്ങളും പ്രത്യേക തീമാറ്റിക് സഭകളും ഉപയോഗിക്കുന്നു. പഞ്ചാബിലെ ഛീന കല്യാണക്കത്തുകളുടെ മാതൃകയിലുള്ള ക്ഷണക്കത്തുകൾ അയയ്ക്കുന്നു. അസമിലെ തലാപ് വാട്സ്ആപ്പും സ്വയംസഹായ സംഘങ്ങളും ഉപയോഗിക്കുന്നു. തമിഴ്നാട്ടിലെ പ്രഥമണ്ണാപുരം ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭകൾ നടത്തുന്നു. മിസോറാമിലെ മുത്തി വില്ലേജ് കൗൺസിൽ പങ്കാളിത്തത്തെ സാംസ്കാരിക കൂട്ടായ്മകളുമായും പരിസ്ഥിതി സംരക്ഷണവുമായും യുവാക്കളുടെ പങ്കാളിത്തവുമായും ബന്ധിപ്പിക്കുന്നു.
‘വികസിത് ഭാരത് 2047’ലേക്ക് രാജ്യം കുതിക്കുമ്പോൾ ഇന്ത്യ എത്ര റോഡുകളോ വീടുകളോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോ നിർമിച്ചു എന്നതു മാത്രമല്ല ചോദ്യം. മറിച്ച്, പൗരന്മാർക്ക് പ്രാദേശിക വികസനം രൂപപ്പെടുത്താനും അത് നിരീക്ഷിക്കാനും അതിൽ അവകാശം സ്ഥാപിക്കാനും കഴിയുന്നുണ്ടോ എന്നതു കൂടിയാണ്. അതിനുള്ള വേദിയായി മാറാൻ ഗ്രാമസഭകൾക്ക് കഴിയും. എന്നാൽ, അത് കേവലം ഒപ്പിടുന്ന ഒരു ചടങ്ങിൽനിന്ന് അർഥവത്തായ ചർച്ചകളിലേക്കും, പരാതികളുടെ പട്ടിക തയാറാക്കുന്നതിൽനിന്ന് അവ പരിഹരിക്കുന്നതിലേക്കും, ഔദ്യോഗിക നിയമപാലനത്തിൽനിന്ന് പൊതുജനങ്ങളുടെ വിശ്വാസ്യതയിലേക്കും മാറുമ്പോൾ മാത്രമേ സാധ്യമാകൂ. യോഗങ്ങൾ രേഖപ്പെടുത്തുമ്പോൾ മാത്രമല്ല, ജനങ്ങളുടെ ശബ്ദത്തിന്മേൽ കൃത്യമായ നടപടികൾ ഉണ്ടാകുമ്പോഴും കൂടിയാണ് ജനാധിപത്യം യഥാർഥത്തിൽ അർഥവത്താകുന്നത്.
പഠനറിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രതീക്ഷയും ഒപ്പം ആശങ്കയും നൽകുന്നതാണ്. യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ 67.32% ആളുകളും ആശ്രയിക്കുന്നത് നോട്ടീസുകളെയും മൈക്ക് അനൗൺസ്മെന്റുകളെയുമാണ്. ആശയവിനിമയ സംവിധാനങ്ങൾ ഫലപ്രദമാണെന്ന് 66.4% ആളുകൾ വിലയിരുത്തുന്നു. പരാതികൾ വലിയ തോതിൽ ഉന്നയിക്കപ്പെടുന്നുണ്ട്: യോഗങ്ങളിൽ പരാതികൾ സ്വീകരിക്കുന്നുണ്ടെന്ന് 86.78% പേർ പറഞ്ഞു. എന്നാൽ, ഇവ രേഖപ്പെടുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് 63.29% ആളുകൾ മാത്രമാണ് വ്യക്തമാക്കിയത്. ജനങ്ങൾ പറയുന്നതും അത് ഭരണാധികാരികൾ കേൾക്കുന്നതും തമ്മിലുള്ള ഈ വലിയ വിടവാണ് ജനാധിപത്യപരമായ പോരായ്മയുടെ പ്രധാന കാരണം. ഒരേ പ്രശ്നം ആവർത്തിച്ച് ഉന്നയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ, ഒരു പൗരൻ പിന്നീട് അതേ വിശ്വാസത്തോടെ യോഗത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ല.
ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റവും ഭാഗികമാണ്. ഏകദേശം 48.9% ഗ്രാമപഞ്ചായത്തുകൾ യോഗനടപടികൾ രേഖപ്പെടുത്താൻ ‘സഭാസാർ’ (SabhaSaar) ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തു, കൂടാതെ, നടപടികൾ ‘നിർണയ്’ (NIRNAY) ആപ്പിൽ ചിലപ്പോഴൊക്കെ അപ്ലോഡ് ചെയ്യാറുണ്ടെന്ന് 53% പേർ പറഞ്ഞു. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്. അവശ്യസൗകര്യങ്ങളുടെ ലഭ്യത 61.9 ശതമാനവും ഡിജിറ്റൽ സജ്ജീകരണം 48.2 ശതമാനവുമാണ്. ഈ കണക്കുകൾ പുരോഗതിയെ കാണിക്കുന്നുണ്ടെങ്കിലും, ജനങ്ങളുടെ വിശ്വാസവും കൃത്യമായ തുടർനടപടികളും ഇല്ലെങ്കിൽ സാങ്കേതികവും ഔദ്യോഗികവുമായ പരിഷ്കാരങ്ങൾ കൊണ്ടുമാത്രം കാര്യമുണ്ടാവില്ല എന്ന പരിമിതിയും ഇത് ചൂണ്ടിക്കാണിക്കുന്നു.
ഗ്രാമവാസികൾക്ക് രാഷ്ട്രീയത്തോട് താത്പര്യമില്ല എന്ന ലളിതമായ ന്യായീകരണത്തെ ഈ പഠനം തിരുത്തുന്നുണ്ട്. പങ്കാളിത്തത്തിന് തടസമാകുന്ന നാല് പ്രധാന കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിൽ ഏറ്റവും പ്രധാനം ജീവനോപാധിയും സമയക്കുറവുമാണ്. ദിവസക്കൂലിക്ക് പണിക്കു പോകുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ 40-55% മറുപടികളിൽ കാണാം. കൃഷിയും മറ്റ് അനുബന്ധ ജോലികളും 30-40% വരും. യോഗങ്ങളുടെ സൗകര്യപ്രദമല്ലാത്ത സമയം 6-12% വരെയാണ്.
മോശം ആശയവിനിമയം, താത്പര്യക്കുറവ്, സ്ത്രീകളെ പ്രോത്സാഹിപ്പിക്കാത്ത അവസ്ഥ, സാമൂഹികമായ മാറ്റിനിർത്തലുകൾ, വിവരങ്ങൾ വീടുകളിൽ എത്താതിരിക്കുക എന്നിവയാണ് അവബോധവുമായി ബന്ധപ്പെട്ട തടസങ്ങൾ. ഭരണപരമായ തടസങ്ങളും അത്രതന്നെ ഗുരുതരമാണ്. ചർച്ചകൾക്ക് കൃത്യമായ ഫലങ്ങൾ ഉണ്ടാകാതിരിക്കുക, യോഗങ്ങളെ വെറുമൊരു ചടങ്ങായി കാണുക, തീരുമാനങ്ങളിൽ വിശ്വാസമില്ലായ്മ, മോശം പരാതിപരിഹാരം, കാലതാമസം, ഉദ്യോഗസ്ഥരുടെ അസാന്നിധ്യം, രാഷ്ട്രീയ ഇടപെടലുകൾ, അഴിമതിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ ഇതിൽപ്പെടുന്നു. ശാരീരികമായി എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ ഇതിൽ നിന്ന് കൂടുതൽ അകറ്റുന്നു.
റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന ‘ഗ്രാമസഭ പങ്കാളിത്ത മടുപ്പ്’ എന്ന ആശയം ഈ പ്രതിസന്ധിയെ കൃത്യമായി നിർവചിക്കുന്നുണ്ട്. ആവർത്തിച്ചുണ്ടാകുന്ന യോഗങ്ങളിൽ ഒരേ വിഷയങ്ങൾതന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. തുടർനടപടികൾ കുറവാണ്. വ്യക്തമായ ഫലങ്ങൾ ഉണ്ടാകുന്നില്ല. ജനങ്ങളുടെ വിശ്വാസം കുറയുന്നു. ഒടുവിൽ പങ്കാളിത്തം ഇല്ലാതാവുന്നു. അതുകൊണ്ട്, യോഗങ്ങൾ നടക്കുന്നുണ്ടോ എന്നത് മാത്രമല്ല വിഷയം. ആ യോഗങ്ങൾകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നുണ്ടോ എന്നതാണ്.
(ഡോ. ജോസ് ചാത്തുകുളം കോട്ടയം സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടറും ഡോ. എ. എം. ജോസ്, ഹരിയാന അമിറ്റി
യൂണിവേഴ്സിറ്റിയിലെ അമിറ്റി സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ പ്രഫസറും മേധാവിയുമാണ്.)