വടകരോത്സവത്തിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു; മൂന്ന് ദിവസം നൂറിലേറെ പ്രതിഭകളുടെ കലാവിരുന്ന്
1549587
Tuesday, May 13, 2025 6:03 PM IST
വടകര: രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറവും സൗത്ത് ഏഷ്യന്‍ ഫ്രറ്റേണിറ്റി ന്യൂഡല്‍ഹിയും സംയുക്തമായി സംഘടിപ്പിക്കുന്ന വടകരോത്സവം-2025 സീസണ് ഒന്നിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു.
പികെ മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ 16,17,18 തീയതികളില്‍ നടക്കുന്ന കലാവിരുന്ന് വിവിധ സംസ്ഥാനങ്ങളിലെ കലാപ്രതിഭകളുടെ സംഗമ കേന്ദ്രമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാംസ്കാരിക വൈവിധ്യങ്ങളുടെ ഏകോപനം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നൂറിലേറെ കലാ പ്രതിഭകള്‍ വ്യത്യസ്തങ്ങളായ കലാരൂപങ്ങള്‍ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി 16ന് വൈകുന്നേരം മൂന്നിന് ദക്ഷിണേഷ്യയിലെ കലാകാരന്മാരും കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഉള്‍ക്കൊള്ളുന്ന സാംസ്കാരിക ഏകതായാത്ര ഓര്‍ക്കാട്ടേരിയില്‍ നടക്കും.
തുടര്‍ന്ന് വടകരോത്സവത്തിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പാറക്കല്‍ അബ്ദുള്ള, ടി.പി. മിനിക, രാജന് ചെറുവാട്ട്, കോട്ടയില്‍ രാധാകൃഷ്ണന്, മൊയ്തു താഴത്ത്, സതീശന് കുരിയാടി, പറമ്പത്ത് പ്രഭാകരന്, ജഗദീഷ് പാലയാട്, വി.കെ. പ്രേമന് എന്നിവര്‍ പങ്കെടുത്തു.