അമരാട് മലയിലെ അനധികൃത നിർമാണം നിർത്തിവയ്ക്കണമെന്ന്
1549175
Friday, May 9, 2025 5:39 AM IST
താമരശേരി: അമരാട് മലയിൽ സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിർമാണങ്ങളെ സംബന്ധിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ സിപിഎം നേതാക്കൾ പ്രദേശം സന്ദർശിച്ചു.
പ്രാദേശത്ത് കൂടെ ഒഴുകുന്ന തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി ഭീമമായ തോതിൽ വെള്ളം കെട്ടിനിർത്തി താഴ്വാരത്ത് താമസിക്കുന്ന ആളുകൾക്ക് ഭീഷണിയാവുന്ന തരത്തിൽ നിർമിച്ച തടയണയും അശാസ്ത്രീയമായ രൂപത്തിൽ തോടിന് കുറുകെ നിർമിച്ച പാലവും അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് സിപിഎം കട്ടിപ്പാറ ലോക്കൽ കമ്മിറ്റി കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം, ഫാം ടൂറിസം ഉൾപ്പെടെയുള്ള നൂതന വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ ജീവന് ഭീഷണിയാവാത്ത തരത്തിൽ ടൂറിസ്റ്റ് സംരംഭങ്ങൾ ഉയർന്ന് വരണമെന്നും സിപിഎം ആവശ്യപ്പെട്ടു. നിധീഷ് കല്ലുള്ളതോട്, സി.പി. നിസാർ, ലത്തീഫ്, അഖിൽ മലയിൽ, സി.എം. അബ്ദുൽ അസീസ്, സി.കെ. മുജീബ് എന്നിവർ സ്ഥലം സന്ദർശിച്ചു.