മെഡിക്കൽ കോളജിലെ തീപിടിത്തം: യൂത്ത് ലീഗ് രാപ്പകല്‍ സമരത്തിന്
1548619
Wednesday, May 7, 2025 4:48 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടായതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം നടത്തും. 10ന് വൈകുന്നേരം മൂന്നുമുതല്‍ രാത്രി 10വരെയാണ് സമരമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെട്ടിടനിര്‍മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക, മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ഗൂഢനീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് സമരം. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍കോയ, ട്രഷറര്‍ കെ.എം.എ. റഷീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.