എന്റെ കേരളം പ്രദര്‍ശന മേളയില്‍ താരമായി കൃഷിവകുപ്പ് സ്റ്റാളുകള്‍
1548414
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളകളയില് ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമായി.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത മേളയില്‍ തീം പവലിയനില്‍ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളില്‍ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സ്റ്റാള്‍ സജ്ജികരിച്ചിരിക്കുന്നത്.
ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൃഷി വകുപ്പിന്റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പ്പന്നങ്ങളുടെയും മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി നിലവില്‍ വന്ന കതിര് ആപ്പ് രജിസ്ട്രേഷന് ഹെല്പ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ളാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡസ്കുകളും തീം പവലിയനില്‍ ഒരുക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ ഗുണപ്രദമായി. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടര്‍ സേവനവും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിന് പുറമെ 1500 സ്ക്വയര്‍ ഫീറ്റില്‍ കൃഷി വകുപ്പ് കോഴിക്കോട് ജില്ല ഒരുക്കിയിരിക്കുന്ന നടീല്‍ വസ്തുക്കളുടെയും, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണന മേളയും പൊതുജന പങ്കാളിത്തം കൊണ്ട് സജീവമായി. ബയോ ഫാര്‍മസി, കേരളഗ്രോ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെയും മില്ലറ്റുകളുടെയും വിപണന സ്റ്റാളുകള്‍, വിവിധയിനം നെല്‍വിത്തുകളുടെ അപൂര്‍വ ശേഖരത്തിന്റെ പ്രദര്‍ശനം, വിവിധ ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകളുടെയും ഫാമുകളുടെയും പ്രദര്‍ശന സ്റ്റാളുകള്‍, വിവിധയിനത്തില്‍പെട്ട നാളികേരങ്ങളുടെ പ്രദര്‍ശനം എന്നിവ കൊണ്ട് സ്റ്റാളുകള്‍ എല്ലാം തന്നെ സജീവമായി.
കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവുമായി കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗം ഒരുക്കിയ സ്റ്റാള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.