പ്രകൃതിക്ഷോഭത്തിൽ തകരാറിലായത് 5000 ത്തോളം കണക്ഷൻ
1547735
Sunday, May 4, 2025 5:30 AM IST
ചക്കിട്ടപാറ: മൂന്ന് ഫീഡറുകളിലായി 14069 കണക്ഷനുകളാണ് ചക്കിട്ടപാറ വൈദ്യുതി സെക്ഷൻ ഓഫീസിന് കീഴിലുള്ളത്. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും ഇടിമിന്നലിലും ഇതിൽ 5000 ത്തോളം കണക്ഷനുകൾ തകരാറിലായി.
വെള്ളിയാഴ്ച വൈകിട്ടു മുതൽ ഓഫീസിലെ ഫോണുകൾക്ക് വിശ്രമമുണ്ടായിരുന്നില്ല. രാത്രി തന്നെ ചക്കിട്ടപാറ ടൗൺ ഉൾപ്പടെ വൈദ്യുതി പുനഃസ്ഥാപിച്ചു. ഇന്നലെ നേരം പുലർന്നതോടെ ഫോൺ വിളികൾ എത്തി.
ഉൾപ്രദേശങ്ങളിലെല്ലാം ലൈനുകളിൽ മരങ്ങൾ പതിച്ചു തകരാറിലായ നിലയിലായിരുന്നു. തൂണുകളും തകർന്ന വിവരമെത്തി. അസി. എൻജിനീയർ ദീപു സി. കുഞ്ഞപ്പന്റെ നേതൃത്വത്തിൽ സെക്ഷനു കീഴിലെ ജീവനക്കാർ ടീമായി.
ഓരോ മേഖലകൾ തിരിച്ച് തകരാർ പരിഹരിക്കൽ ആരംഭിച്ചു. ഭക്ഷണവും വിശ്രമവുമില്ലാത്ത അവർ ജോലി ചെയ്തത്. ഇതിനു ഫലമുണ്ടായി. തകരാറുകളിൽ ഭൂരിഭാഗവും ഇന്നലെ വൈകീട്ടോടെ പരിഹരിച്ചു. ശേഷിക്കുന്നത് നേരെയാക്കാൻ ഇന്നും ശ്രമം തുടരും.