കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ മാത്രം കൈയില്‍; ആശുപത്രി ബില്‍ എങ്ങിനെ അടയ്ക്കും: റാഹിസിന്റെ പിതാവ്
1547725
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: "പണമില്ലാത്തതുകൊണ്ടാണ് മെഡിക്കല്‍ കോളജിലേക്ക് മകനെ കൊണ്ടുവന്നത്. ഭാര്യ കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്ത പണവുമായാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ബില്‍ എങ്ങിനെ അടയ്ക്കും- കോഴിക്കോട് കൂരാച്ചുണ്ട് പാറച്ചാലില്‍ മൊയ്തു ചോദിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് അവിടെനിന്ന് ഒഴിപ്പിക്കപ്പെട്ട രോഗിയായ റാഹിസിന്റെ പിതാവാണ് മൊയ്തു.
കൂലിപണിക്കാരനാണ് ഇദ്ദേഹം. ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബം. മൊബൈല്‍ ഫോണ്‍ മെക്കാനിക്കായ റാഹിസിനെ വിഷം അകത്തുചെന്നാണ് ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍കോളജ് ആശുപത്രയില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. റാഹിസിന്റെ രക്കപരിശോധന റിപ്പോര്‍ട്ട് വാങ്ങാന്‍ പോയപ്പോഴാണ് യുപിഎസ് സൂക്ഷിച്ച മുറിയില്‍നിന്ന് പൊട്ടിത്തെറിയോടെ പുക ഉയര്‍ന്നതെന്ന് മൊയ്തു പറഞ്ഞു.
റാഹിസും സഹോദരന് റഹിമും അത്യാഹിത വിഭാഗത്തില്‍നിന്ന് ഇറങ്ങിയോടി. ശ്വാസം കിട്ടാതെ കഴിയുന്ന രോഗികളെ പുറത്തെത്തിക്കാന്‍ താന്‍ സഹായം നല്‍കിയെന്ന് മൊയ്തു പറഞ്ഞു.
ദയനീയമായിരുന്നു കാഴ്ച. ഓക്സിജൻ സഹായത്താൽ കഴിയുന്നവരും ഡ്രിപ്പ് കയറ്റുന്നവരുമെല്ലാം രക്ഷപ്പെടാനുള്ള ബദ്ധപ്പാടിലായിരുന്നു. അത്യഹിത വിഭാഗത്തില്‍ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. ആളുകള്‍ ഓടിക്കൂടി ഒരു വിധത്തിലാണ് എല്ലാവരെയും പുറത്തെത്തിച്ചത്.
റാഹിസിനെ ആംബുലന്‍സില്‍ രക്ഷപ്രവര്‍ത്തകരാണ് ആദ്യം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ രോഗികളെ കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ മടക്കി. പിന്നീടാണ് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ എത്തിച്ചത്. കാഷ്വല്‍റ്റിയില്‍ ചികിത്സ നല്കി.
പിന്നീട് രാത്രി ഒരു മണിയോടെ റൂമിലേക്ക് മാറ്റി. ബില്ല് അടയ്ക്കന് ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുണ്ട്. അതു കൊടുക്കാവുന്ന അവസ്ഥയിലല്ല. ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്ന് മൊയ്തു പറഞ്ഞു. സര്‍ക്കാര്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.
photo : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിനിടെ മരിച്ച വയനാട് മേപ്പാടി സ്വദേശി നസീറയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ആംബുലൻസിലേക്ക് കയറ്റുന്നു.