വന്യജീവി ശല്യത്തിനെതിരേ ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനം
1547211
Thursday, May 1, 2025 5:42 AM IST
കൂരാച്ചുണ്ട് : കക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവി ശല്യം വർധിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ ജന ജാഗ്രതാ സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു.
യോഗത്തിൽ കക്കയം വനമേഖലയിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ വനാതിർത്തിയിൽ മുൻപ് അനുവദിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് പദ്ധതി അടിയന്തരമായി നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനമായി.
ജനജാഗ്രതാ സമിതിയെ രണ്ട് യൂണിറ്റുകളാക്കിക്കൊണ്ട് വാർഡ് 4,5,6 ഒരു യൂണിറ്റും വാർഡ് 2,3,7 രണ്ടാമത്തെ യൂണിറ്റായും ആർആർടി രൂപീകരിക്കുന്നതിനും തീരുമാനമായി.യോഗത്തിൽ വൈസ് പ്രസിഡന്റ് വിൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്ത്, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പുതിയകുന്നേൽ,
വിൽസൺ പാത്തിച്ചാലിൽ, സിമിലി ബിജു, അരുൺ ജോസ്, ആൻസമ്മ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് വെളിയത്ത്, എൻ.കെ. കുഞ്ഞമ്മദ്, എ.സി. രാമകൃഷ്ണൻ, പി.കെ പ്രവീൺകുമാർ, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.