കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു
1547210
Thursday, May 1, 2025 5:42 AM IST
കൂരാച്ചുണ്ട്: വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് സമീപം കൂരാച്ചുണ്ട് സ്വദേശിയായ ജയൻ കെ. ജോസ് വാടകയ്ക്കെടുത്ത വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 52 പാചകവാതക സിലണ്ടറുകളാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി സിവിൽ സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഇതിൽ പാചക വാതകം നിറച്ച 20 സിലിണ്ടറുകളും നിറക്കാത്ത 32 ഗ്യാസ് സിലിണ്ടറുകളുമാണുള്ളത്. കൂടാതെ ഗ്യാസ് റീഫില്ലിംഗ് മോട്ടോർ, സിലിണ്ടർ ക്യാപ്പ് എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിലുള്ള റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ പുളിയുള്ളതിൽ, കെ.കെ ബിജു, ഒ.കെ. നാരായണൻ, എം. ശ്രീജു, കെ. ബീന, എസ്. സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സംഭവം സംബന്ധിച്ചുള്ള റിപ്പോർട്ട് ഉടൻ കളക്ടർക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും കൂരാച്ചുണ്ടിലെ സാരഥി ഗ്യാസ് ഏജൻസിക്ക് ഉദ്യോഗസ്ഥർ കൈമാറി.