പോലീസ് സേനാംഗങ്ങളിലെ ആത്മഹത്യ തടയണം; മനുഷ്യാവകാശ കമ്മീഷൻ
1547736
Sunday, May 4, 2025 5:30 AM IST
കോഴിക്കോട്: പോലീസ് സേനാംഗങ്ങളിൽ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ സേനയുടെ അംഗബലം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ തുടങ്ങിയ സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും പോലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷൻ സർക്കാരിന് നൽകിയ വിശദമായ ഉത്തരവിൽ പറഞ്ഞു.
പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയൽ കാലത്തെ ശേഷിപ്പുകൾ പോലീസ് സേനയിൽ അവസാനിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സേനാംഗങ്ങളിലെ ആത്മഹത്യ തടയാൻ കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കമ്മീഷനിൽ സമർപ്പിച്ച നിർദ്ദേശങ്ങളിൽ സാമ്പത്തിക ബാധ്യത വരാത്ത എക്സിക്യൂട്ടീവ് ഓർഡർ മുഖേന നടപ്പിലാക്കാൻ കഴിയുന്ന പ്രപ്പോസലുകൾ പരിശോധിച്ച് അവ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
നയപരമായ തീരുമാനങ്ങൾ വേണ്ട കാര്യങ്ങൾ വിശദമായി പഠിച്ച് പ്രാവർത്തികമാക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി നടപടിയെടുക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പു സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.
സേനാംഗങ്ങൾക്കിടയിലെ ആത്മഹത്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ളവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കരുതെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മദ്യപാനവും കുടുംബഛിദ്രവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മറ്റുമാണ് ആത്മഹത്യക്ക് കാരണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിനോട് കമ്മീഷൻ വിയോജിച്ചു. കടുത്ത ജോലി സമ്മർദ്ദവും ജോലി സ്ഥലത്തെ അന്തരീക്ഷവും സേനാംഗങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.