വികസനക്കാഴ്ചകള്‍ കാന്‍വാസില്‍; വേറിട്ട അനുഭവമായി സമൂഹചിത്രരചന
1547493
Saturday, May 3, 2025 5:31 AM IST
കോഴിക്കോട്: നാടിന്റെ വികസനക്കാഴ്ചകള്‍ കാന്‍വാസില്‍ പകര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വികസന വരകള്‍ എന്ന പേരിലുള്ള സമൂഹ ചിത്രരചന വേറിട്ട അനുഭവമായി.
ജില്ലയിലെ അറുപതോളം തദ്ദേശ കേന്ദ്രങ്ങളില്‍ നടന്ന വികസനവരകളില് മികവുറ്റ പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളും ചിത്രകലാ അധ്യാപകരുമാണ് കോഴിക്കോട് ബീച്ചില്‍ നടന്ന ജില്ലാതല പരിപാടിയില്‍ പങ്കാളികളായത്.
എല്‍പി മുതലുള്ള ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചിത്രരചനയില്‍ എംടിയും നാടിന്റെ പോരാളികളായ ഹരിതകര്‍മ്മ സേനാംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും പശ്ചാത്തല വികസനവും റോഡും പാലങ്ങളും കെട്ടിടങ്ങളും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളുമെല്ലാം ഇതിവൃത്തമായി.
പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ സുനില്‍ അശോകപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുല്‍ ഹക്കീം, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ രവികുമാര്‍, രാരാരാജ്, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.