ചികിത്സാ ചെലവ് വഹിക്കാന്‍ സര്‍ക്കാറിനു വിമുഖത
1547724
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് അവിടെ നിന്ന് ഒഴിപ്പിച്ച് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രോഗികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാറിനു വിമുഖത. ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ്, ബീച്ച് ആശുപത്രി, ഇഖ്റ, നിര്‍മല, കോ-ഓപ്പറേറ്റീവ്, സ്റ്റാര്‍ കെയര്‍ എന്നീ ആശുപത്രികളിലേക്കാണ് രോഗികളെ മെഡിക്കല്‍ കോളജില്‍നിന്ന് മാറ്റിയത്.
34 രോഗികളാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ആയിരക്കണക്കിനു രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ദിവസം ചികത്സയ്ക്ക് വരുന്നത്. പണമില്ലാത്തിന്റെ പേരില്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സ തേടിയവര്‍ക്കാണ് ഇടിത്തീ വീണത്. ആശുപത്രിയിലെ ബില്‍ അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തത് രോഗികളെയും കൃടുംബാംഗങ്ങളെയും ആശങ്കയിലാക്കി.
ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും സ്വകാര്യ ആശുപത്രി അധികൃതരുമായി സംസാരിച്ച് ചികിത്സാ ചെലവ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞുവെങ്കിലും തീരുമാനമായില്ല.
ചികിത്സയിലുള്ളവര്‍ക്ക് തിരിച്ച് മെഡി.കോളജിലേക്ക് തന്നെ വരാമെന്നു മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കൃത്യമായ മറുപടി നല്കാന് മന്ത്രി തയാറായില്ല. അതേസമയം, സ്വകാര്യ ആശുപത്രി ചെലവ് ഭാരിച്ചതാണെന്നും ഇതുവരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ഒരു ലക്ഷം രൂപവരെ ചികിത്സാ ചെലവിനായിട്ടുണ്ടെന്ന് രോഗികള്‍ പറഞ്ഞു. ഇത്രയും തുക നല്കാന് സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
photo : തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം മന്ത്രി വീണ ജോർജ് സന്ദർശിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ സമീപം