ഗ്യാസ് സിലിണ്ടർ പിടികൂടിയ സംഭവം: ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന്
1547507
Saturday, May 3, 2025 5:39 AM IST
കൂരാച്ചുണ്ട്: അനധികൃതമായി വാടക വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളും റീഫില്ലിംഗ് മെഷീനും കണ്ടെടുത്ത സംഭവത്തിൽ ബിജെപി ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറിയായ ജയൻ കെ. ജോസിന്റെ വാടക വീട്ടിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് റീഫില്ലിംഗ് മെഷീനും പരിശോധനയിൽ പിടിച്ചെടുത്തത്.
കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തിവരുന്നത്. ബിജെപിയുടെ ഉന്നത നേതാക്കൾക്കും ഈ തട്ടിപ്പിൽ പങ്കുള്ളതിനാലാണ് ബിജെപി ഔദ്യോഗികമായി പ്രതികരിക്കാനോ ജയൻ കെ. ജോസിനെതിരേ നടപടി സ്വീകരിക്കാനോ തയാറാകാത്തത്.
ഭരണ സ്വാധീനം ഉപയോഗിച്ച് ജയൻ ജോസ് വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന ഗ്യാസ് സ്ഥാപനങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന ഉന്നത നേതൃത്വത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൂരാച്ചുണ്ട് സിപിഎം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു