വേളം പഞ്ചായത്ത് ഭരണം; സിപിഎമ്മിലെ പി.എം. കുമാരൻ വൈസ് പ്രസിഡന്റ്
1547737
Sunday, May 4, 2025 5:30 AM IST
കുറ്റ്യാടി: വേളം പഞ്ചായത്തിൽ ഇന്നലെ നടന്ന അവിശ്വാസ പ്രമേയ വോട്ടടുപ്പിൽ ലീഗ് വിമത പക്ഷവും വെൽഫയർ പാർട്ടിയും സിപിഎം അനുകൂല നിലപാട് എടുത്തു. തുടർന്ന് സിപിഎമ്മിലെ പി.എം. കുമാരൻ വൈസ് പ്രസിഡന്റായി.
ലീഗ് - കോൺഗ്രസ് ഭൂരിപക്ഷമുള്ള വേളം പഞ്ചായത്തിൽ അവസാനം വർഷം കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന യുഡിഎഫ് തീരുമാനം പഞ്ചായത്ത് പ്രസിഡന്റും ലീഗ് വിമത അംഗങ്ങളും എതിർത്തതിനെത്തുടർന്ന് കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തുടർന്ന് സിപിഎം അവിശ്വാസ പ്രമേയം നോട്ടീസ് നൽകി.
അവിശ്വാസപ്രമേയ തെരഞ്ഞെടുപ്പിൽ നോട്ടീസ് നൽകിയ സിപിഎം വോട്ട് ചെയ്യാതെ തന്ത്രപരമായി ഒഴിഞ്ഞു നിന്നു. ഇതേ തുടർന്ന് വിമത ലീഗ് അംഗങ്ങളും വെൽവെയർ പാർട്ടി അംഗവും ഒന്നിച്ച് നിന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തി.
ഇതിന് പ്രത്യുപകാരമായി ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിൽയുഡിഎഫ് നാല് മെമ്പർമാരും വെൽഫയർ പാർട്ടി പ്രതിനിധിയും ചേർന്ന് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ബാക്കിയുള്ള 12 പേര് വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ ഏഴ് വോട്ട് സിപിഎമ്മിന് ലഭിച്ചു. ഔദ്യോഗിക ലീഗ് സ്ഥാനാർഥി ഇ.പി. സലീമിന് നാല് വോട്ടും കിട്ടി. ഇതേ തുടർന്ന് സിപിഎം അംഗം പി.എം. കുമാരൻ വൈസ് പ്രസിഡന്റായി.