നീന്തൽ പരിശീലനത്തിന് ഇന്ന് തുടക്കം
1547495
Saturday, May 3, 2025 5:31 AM IST
മുക്കം: കാരശേരി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മുക്കം അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കമാവും. നാല് വയസുമുതൽ എട്ട് വയസുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുക.
അഞ്ചിന് സമാപിക്കും. തിരുവമ്പാടി ക്യു 8 ഹിൽസ് സ്വിമ്മിംഗ് പൂളിൽ വച്ചാണ് പരിശീലനം നൽകുകയെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സർട്ടിഫൈഡ് കോച്ച് ഗോഡ്സൺ, മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്കൂബ ഡൈവർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
മെയ് മൂന്നിന് ആരംഭിക്കുന്ന ക്യാമ്പ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുക്കം നഗരസഭയുടെ നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ റന ഫാത്തിമയും ചടങ്ങിൽ സംബന്ധിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പരിശീലനത്തിന് അവസരമുണ്ടാവുക. രജിസ്ട്രേഷനു 9061 040404 ,9645688484 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജെസിഐ കാരശേരി പ്രസിഡന്റ് മുഹമ്മദ് ആസാദ്, സെക്രട്ടറി ഹാഫിസ് റാഹത്, മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂർ, നീന്തൽ പരിശീലകൻ ഗോഡ്സൺ, പ്രോഗ്രാം ഡയറക്ടർ റിഷ്ന ഷബീർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.