മഴ, മിന്നൽ, കാറ്റ് ; മലയോര മേഖലയിൽ കനത്ത നാശനഷ്ടം
1547734
Sunday, May 4, 2025 5:30 AM IST
മരം വീണ് വൈദ്യുതി ലൈനുകൾക്ക് വ്യാപക തകരാർ
പേരാമ്പ്ര: വെള്ളിയാഴ്ച വൈകീട്ട് കനത്ത മഴക്കിടെയുണ്ടായ കാറ്റും ഇടിമിന്നലിലും മലയോര മേഖലയിൽ കനത്ത നാശനഷ്ടം.
ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്ത് മേഖലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. കാറ്റിൽ നൂറ് കണക്കിന് മരങ്ങളാണ് വീണത്. വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും സാരമായ തകരാർ സംഭവിച്ചു. വീടുകൾക്ക് മിന്നലുമേറ്റു. ആളുകൾക്ക് പരിക്കുമേറ്റിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്കും നാശമുണ്ടായി. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എസ്റ്റേറ്റ് മുക്ക് ഭാഗത്തെ വടക്കേടത്ത് വിൻസെന്റിന്റെ വളർത്തു പോത്ത് മിന്നലേറ്റ് ചത്തു.
വടക്കേടത്ത് ഷിനുവിന്റെ വീടിനു നാശ നഷ്ടവുമുണ്ടായി. വീടിന്റെ ഭിത്തി, ജനൽ തുടങ്ങിയവ മിന്നലിൽ തകർന്നു. മുതുകാട് മേഖലയിൽ മരങ്ങൾകടപുഴകി വീണു വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. തേവർകണ്ടി രാഘവന്റെ വീടിനു മേൽ മരങ്ങൾ കടപുഴകി വീണ് നാശമുണ്ടായി. വൈദ്യുതി തൂണും തകർന്നു. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പത്തിൽ പെട്ട കൊടൂർ വിജയകുമാറിന്റെ വീടിനു മിന്നലേറ്റു.
വൈദ്യുതി വയറിംഗ് സംവിധാനങ്ങളും ഉപകരണങ്ങളും നശിച്ചു. വീടിനും സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഇതേ വാർഡിൽ പെട്ട കിടപ്പു രോഗിയായ കൊരവൻ തലക്കൽ സാറയൂടെ വീടിന്റെ മേൽക്കൂര ഷീറ്റുകൾ കനത്ത കാറ്റിൽ പാറിപ്പോയി. അടുക്കള ഭാഗത്തിനു സാരമായ തകരാർ സംഭവിച്ചു.
വാർഡ് 12 ൽ പെട്ട ഓടക്കൽ പറമ്പിൽ കെ.ടി. പ്രകാശിന്റെ വീടിനു മീതെ കാറ്റിൽ മരം വീണു. ചെമ്പ്രയിൽ മാളിയേക്കൽ ചാക്കോയുടെ ഇരുപത്തി അഞ്ചോളം റബർ മരങ്ങൾ കാറ്റിൽ നശിച്ചു. താന്നിക്കൽ വത്സരാജിന്റെ വീട്ടിലേക്ക് മരം വീണ് അടുക്കള ഭാഗം തകർന്നു. തുറശേരി മൊയ്തീന്റെ കൃഷി നശിച്ചു.
മുക്കള്ളിൽ, കോടേരിച്ചാൽ ഭാഗങ്ങളിൽ വ്യാപകമായി മരങ്ങൾ കാറ്റിൽ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് സാരമായ തകരാർ സംഭവിച്ചു. പെരുവണ്ണാമൂഴി താഴത്തു വയലിലെ എഴുത്തുപുരക്കൽ അമ്മിണി (73) ക്ക് മിന്നലിൽ സാരമായ പരിക്കേറ്റു. ഇവർ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നരിനടയിൽ കോങ്കോട്ടുമ്മൽ ദിവ്യ സുരേഷ് മിന്നലേറ്റ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൂഴിത്തോട് മേഖലയിലും മരങ്ങൾ വീണ് നാശവും വൈദ്യുതി തകരാറും സംഭവിച്ചിട്ടുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കാറ്റിൽ നാശമുണ്ടായി.