കൂരാച്ചുണ്ടിലെ ഗതാഗതക്കുരുക്ക്: ട്രാഫിക് യോഗം ചേർന്നു
1547502
Saturday, May 3, 2025 5:39 AM IST
കൂരാച്ചുണ്ട്: ഗതാഗതക്കുരുക്ക് മൂലം ദുരിതം അനുഭവിക്കുന്ന കൂരാച്ചുണ്ട് ടൗണിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പോലീസ്, വ്യാപാരികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ അടങ്ങിയ സർവകക്ഷി യോഗം ചേർന്നു.
നിലവിലുള്ള ട്രാഫിക് നിയന്ത്രണങ്ങൾ നിലനിർത്തി കൊണ്ട് ഗതാഗതകുരുക്കിന് പരിഹാരമായി ടൗണിലെ രണ്ട് പ്രധാന കവലകളിലും ഒരു വാഹനങ്ങളും പാർക്കിംഗോ റോഡരികിൽ നിർത്തിയിടാനോ പാടില്ല. നിലവിൽ പോലീസ് പട്രോളിംഗ് ഇല്ലാത്ത വൈകിട്ട് അഞ്ചു മുതൽ ഏഴുവരെ പോലീസ് പട്രോളിംഗ് ഏർപ്പെടുത്താൻ യോഗം നിർദേശിച്ചു.
കച്ചവട സ്ഥാപന ഉടമകളുടെ വാഹനങ്ങൾ അതാത് സ്ഥാപനങ്ങളുടെ മുമ്പിൽ പാർക്ക് ചെയ്യുന്നത് അനുവദനീയമല്ല. അനാവശ്യമായി കടകളുടെ മുമ്പിൽ ഇരുചക്രവാഹനങ്ങൾ നിറുത്തിയിട്ടു പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കുവാനും തീരുമാനിച്ചു.
കൂടാതെ ടൗണിലെ പേപാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശമുണ്ട്. ടൗണിലെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വിൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഹസീന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി പുതിയകുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ഡാർലി ഏബ്രഹാം, വിൽസൺ പാത്തിച്ചാലിൽ, അരുൺ ജോസ്, എൻ.ജെ ആന്‍സമ്മ, വിജയൻ കിഴക്കയിൽമീത്തൽ, ജെസി ജോസഫ്, പോലീസ് സബ് ഇൻസ്പെക്ടർ അങ്കജൻ തുടങ്ങിയവർ പങ്കെടുത്തു.