ഉരുവില്‍ നിന്നു വീണ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു
1547890
Sunday, May 4, 2025 11:28 PM IST
കോഴിക്കോട്: തുറമുഖ വാര്‍ഫില്‍ നങ്കൂരമിട്ട ഉരുവില്‍ നിന്നു ചാലിയാറില്‍ വീണ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. തൂത്തുകുടി സ്വദേശി സെല്‍വനാണ് (48) മരിച്ചത്. ലക്ഷദ്വീപിലേക്ക് ചരക്ക് കയറ്റാന്‍ ബേപ്പൂര്‍ പോര്‍ട്ടിന്റെ വാര്‍ഫില്‍ നങ്കൂരമിട്ട എംഎസ്വി മൗലാ എന്ന ഉരുവിലെ തൊഴിലാളിയായിരുന്നു.
ഉരുവിന്റെ മുകള്‍ത്തട്ടില്‍ നിന്നും പുലര്‍ച്ചെ താഴെത്തട്ടിലേക്ക് വശത്തെ കോണിയിലൂടെ ഇറങ്ങുന്നതിനിടെ കാല് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ കയറിട്ടുനല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കയറില്‍ പിടിക്കാന്‍ കഴിയാതെ സെല്വന് മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഉരു ജീവനക്കാര്‍ കോസ്റ്റല്‍ പോലീസിനെയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങള്‍ കോസ്റ്റല്‍ പോലീസിന്റെ ബോട്ടിന്റെ സഹായത്തോടെ പാതാളക്കരണ്ടി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് സ്കൂബ ടീം നടത്തിയ തെരച്ചിലില്‍ ഏകദേശം 35 അടി താഴ്ചയില്‍ നിന്നും ചളിയില്‍ പൂണ്ട നിലയില്‍ സെല്‍വനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ തന്നെ ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.