കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
1547891
Sunday, May 4, 2025 11:28 PM IST
താമരശേരി: ഒരാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. താമരശേരി വെഴുപ്പൂർ വൃന്ദാവൻ എസ്റ്റേറ്റിൽ താമസിക്കുന്ന സന്ദീപ് എന്ന ബൈജു (55) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ വെഴുപ്പൂർ അമൃതാനന്ദമയി സദ്സംഗ സമിതി കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സമീപവാസിയാണ് മൃതദേഹം കണ്ടെത്തിയത്.
കൈയിലെ വളയും വസ്ത്രങ്ങളും കണ്ട് സഹോദരനാണ് മൃതദേഹം സന്ദീപിന്റേതെന്ന് തിരിച്ചറിഞ്ഞത്. ഒരാഴ്ചയായി സന്ദീപിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് താമരശേരി പോലീസിൽ പരാതി നൽകിയിരുന്നു. അവിവാഹിതനായ ഇയാൾ വയനാട്ടിൽ ഉൾപ്പെടെ കൃഷി നടത്തിവരികയായിരുന്നു.
മുക്കത്ത് നിന്നും അഗ്നിരക്ഷാസേന സംഘമെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്. താമരശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഇന്ന് സംസ്കാരം നടക്കും. വി.എം.ശ്രീനിവാസൻ നായരുടെയും ബാലാമണി (തങ്കം)യുടെയും മകനാണ് ബൈജു. സുധീപ് സഹോദരനാണ്.