അയൽവാസികൾ നടവഴി മതിൽ കെട്ടി അടച്ചു; കേസെടുത്തു
1547738
Sunday, May 4, 2025 5:30 AM IST
കോഴിക്കോട്: അയൽവാസികൾ മതിൽകെട്ടി നടവഴി അടച്ചതിനെ തുടർന്ന് വീട്ടമ്മ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലെത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കൊടുവള്ളി മുൻസിപ്പാലിറ്റി സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടി.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മേയ് 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ഒന്പത് വർഷമായി അനീസുമ്മയ്ക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നില്ല. 25 വർഷം മുമ്പാണ് സ്ഥലം വാങ്ങിയത്.
അന്ന് വീടിന് മുന്നിലുണ്ടായിരുന്ന നടവഴിയാണ് അയൽവാസികൾ കെട്ടിയടച്ചത്. തുടർന്ന് മറ്റൊരു അയൽവാസിയുടെ വഴിയിലൂടെ നടന്നെങ്കിലും അതും കെട്ടിയടച്ചു. വീടിന് പുറകുവശത്തെ മതിൽകെട്ടിറങ്ങി ഇല്ലാത്ത വഴിയിലൂടെയാണ് അനീസുമ്മ ഇപ്പോൾ സഞ്ചരിക്കുന്നത്. വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.