മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു
1547728
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയര്‍ന്നതുമായ സംഭവത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് ആറ് നിലകളിലും പൂര്‍ണമായും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം സന്ദര്‍ശിച്ചശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാനം കൂടിയാണിത്.എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ സ്ഥാപിച്ചിരുന്ന എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത്.
2026 ഒക്ടോബര്‍ മാസം വരെ വാറണ്ടി ഉള്ളതാണ് എംആര്‍ഐ മെഷീനും യുപിഎസും (ഫിലിപ്സിന്റെ മെഷീന്). ഫിലിപ്സ് നിയോഗിച്ച ഏജന്‍സി തന്നെയാണ് യുപിഎസിന്റെയും മെയിന്റനന്‍സ് നടത്തുന്നതും. ആറ് മാസത്തില്‍ ഒരിക്കല്‍ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവര്‍ ഫിലിപ്സിന് റിപ്പോര്‍ട്ട് നല്‍കും.
മെഡിക്കല്‍ കോളജിനും കോപ്പി നല്‍കും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.