ബീച്ചാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി
1547729
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: മെഡി. കോളജ് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. അറ്റകുറ്റപണിക്കായി അടച്ചിട്ട രണ്ട് വാര്‍ഡുകള്‍ പ്രത്യേകമായി സജ്ജമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ജീവന്‍ലാല്‍ പറഞ്ഞു.
ഒന്ന്, മൂന്ന് വാര്‍ഡുകളാണ് ഇതിനായി ഒരുക്കിയത്. ഇവിടെ 116 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ബീച്ച് ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മരും അത്യാഹിത വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കും. അവധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടെ തിരിച്ചു വിളിച്ചിട്ടുണ്ട്.
കൂടാതെ മെഡി. കോളജ് ആശുപത്രിയിലെ 23 ഡോക്ടര്‍മാരും 10 പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളുടെ ആരോഗ്യ വിവരം മെഡിക്കല്‍ കോളജിലെയും ജനറല്‍ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ പരിശോധിക്കും. തുടര്‍ന്ന് സൗകര്യം പരിഗണിച്ചായിരിക്കും ഏത് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്ന് തീരുമാനിക്കുക. ദിവസവും വൈകിട്ട് നാല് മുതല്‍ ആറ് വരെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ പരിശോധനയുണ്ടാകും.
സ്ഥിതി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ദിവസും രാവിലെയും വൈകിട്ടും യോഗം ചേരും. അപകടത്തിന് തൊട്ടുപിന്നാലെ ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് 80 രോഗികളെയായിരുന്നു മാറ്റിയത്. ഇവരില്‍ 34 പേരാണ് ബീച്ച് ആശുപത്രിയില്‍ നിലവില്‍ ചികിത്സ തുടരുന്നത്.
മൂന്നുപേരെ വിദഗ്ധ ചികിത്സക്കായി പിന്നീട് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റി. മരുന്ന് ഉള്‍പ്പെടെ മറ്റുസംവിധാനങ്ങളെല്ലാം നിലവില്‍ ആശുപത്രിയിലുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. മൂന്ന് ദിവസത്തേക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അത്യാഹിത വിഭാഗത്തിനും ആശുപത്രി സേവനങ്ങള്‍ക്കുമായി ഹെല്പ് ഡെസ്ക് ആരംഭിച്ചു.
ഫോണ്‍: 7356657221.