തണ്ണിമത്തൻ വേണോ , പുൽപ്പറമ്പിലെത്താം
1548088
Monday, May 5, 2025 5:43 AM IST
മുക്കം: നെൽകൃഷി കൊയ്ത്ത് കഴിഞ്ഞ് വെറുതെ കിടക്കുന്ന വയൽ കണ്ടപ്പോൾ മലപ്പുറം സ്വദേശി സൈഫുല്ലക്ക് ഒരു ആഗ്രഹം.
അവിടെ തണ്ണിമത്തൻ കൃഷിയിറക്കിയാലോ. മനസിലെ ആഗ്രഹം കൂട്ടുകാരോട് പങ്കുവച്ചു. പിന്നെ ഒട്ടും വൈകിയില്ല സൈഫുല്ലയും കൂട്ടുകാരും പ്രദേശത്തുള്ള വയലുകളെല്ലാം പാട്ടത്തിനെടുത്ത് തണ്ണിമത്തൻ കൃഷി ആരംഭിച്ചു. പുൽപ്പറമ്പിലെ 12 ഏക്കറോളം സ്ഥലത്താണ് സൈഫുല്ലയും വാഴക്കാട് മപ്രം സ്വദേശി സലീമും വാലില്ലാപുഴ സ്വദേശി അബ്ദുൽ ഖാദറും തണ്ണിമത്തൻ നട്ടത്.
ഉണങ്ങിയ വയൽ ഉഴുതുമറിച്ച് ഡ്രിപ്പ് ഇറിഗേഷൻ നടത്തി ശാസ്ത്രീയമായി കൃഷി ചെയ്തപ്പോൾ പ്രതീക്ഷിക്കാത്ത വിളവ് ലഭിച്ചു. നമ്മുടെ നാട്ടിൽ തണ്ണിമത്തൻ കൃഷി അത്ര സുലഭമല്ലാത്ത സമയത്താണ് വ്യാവസായികാടിസ്ഥാനത്തിൽ ഇവർ നാലിനങ്ങൾ നട്ട് വിളവെടുത്തത്.
കിരൺ, ഓറഞ്ച് മഞ്ച്, ജൂബിലി കിംഗ്, മഞ്ഞ എന്നീ നാലിനങ്ങളാണ് കൃഷി ചെയ്തത്.മധുരമൂറുന്ന സ്വാധോടു കൂടിയുള്ള തണ്ണിമത്തൻ വാങ്ങാൻ പ്രദേശത്തേക്ക് ആളുകൾ ഒഴുകുകയാണ്.വിളവെടുക്കുന്ന വയലിൽ നിന്നു തന്നെ വിപണനം നടത്തിക്കൊണ്ടിരിക്കുന്നു.ഇന്നലെ നടന്ന വിളവെടുപ്പ് ഉത്സവം മുക്കം കൃഷി ഓഫീസർ ടിൻസി ടോം,
ഡിവിഷൻ കൗൺസിലർ ഗഫൂർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സത്യനാരായണൻ, മജീദ് ബാബു, റുബീന, കർഷകർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. ഇനി ഒരാഴ്ചകാലം പുൽപറമ്പിൽ തണ്ണീർമത്തൻ ദിനങ്ങളാണ്.