കോഴിക്കോട് സൗത്തില്‍ റേഷന്‍ ലഭിക്കാതെ ആയിരങ്ങള്‍
1548087
Monday, May 5, 2025 5:43 AM IST
കോഴിക്കോട്: കോഴിക്കോട് സൗത്ത് മേഖലയില്‍ 50 ഓളം റേഷന്‍ കടകളില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ സാധനങ്ങളെത്തിക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികള്‍ക്കായില്ല.
ബേപ്പൂരിലെ റേഷന്‍ ഭക്ഷ്യധാന്യ സംഭരണകേന്ദ്രമായ എന്‍. എസ്. എഫ്. എ. ഗോഡൗണിലെ ഹെഡ്ലോഡ് വര്‍ക്കര്‍മാരുടെ തൊഴില്‍ തര്‍ക്കമാണ് ബേപ്പൂര്‍, മാറാട് ചക്കുംകടവ്, മുഖദാര്‍ ബീച്ച്, ഉള്‍പ്പെടേയുള്ള തീരദേശ മേഖലയിലടക്കം ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസത്തെ റേഷന്‍ നിഷേധിക്കപ്പെടാന്‍ കാരണം.
ജില്ലാ കളക്ടർ, എ.ഡി.എം, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരുടെ അനുരഞ്ജന ശ്രമങ്ങളും വിജയം കണ്ടില്ല. ബേപ്പൂര്‍ മണ്ഡലം എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ പി.എ.മുഹമ്മദ് റിയാസിനെ വിവരം ധരിപ്പിച്ചുവെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.
ബദല്‍ സംവിധാനമായി റേഷന്‍ ലഭിക്കാത്ത പ്രദേശങ്ങളിലേക്ക് കോഴിക്കോട് വെള്ളയിലെ എന്‍.എസ്.എഫ്.ഗോഡൗണില്‍ നിന്ന് റേഷന്‍ നല്‍കാനുള്ള നടപടിയുണ്ടാവണമെന്നു റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഈ മാസം മൂന്നുവരെ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നെങ്കിലും അതിനുമുമ്പായി പോലീസ് സഹകരണത്തോടെ രണ്ട് ലോഡ് ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ് വിതരണം ചെയ്യാനായത്.
ആദ്യ ലോഡ് അരി സ്റ്റോക്കില്ലാത്ത ഏതാനും കടകളിലെത്തിച്ചുവെങ്കിലും രണ്ടാമത്തെ ലോഡ് ഭക്ഷ്യധാന്യം വിഹിതം ഭാഗിച്ചു നല്‍കാതെ ഒരു കടയിലേക്ക് മാത്രം നല്‍കിയത് പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.
പ്രശ്നപരിഹാരത്തിന് അിടയന്തര നടപടി ഉണ്ടാവണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. ശ്രീജന്, ജനറല്‍ സെക്രട്ടറി കെ.പി. അഷ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.