വളയത്ത് വീടിന് നേരെ അക്രമം
1548091
Monday, May 5, 2025 5:43 AM IST
നാദാപുരം: വളയം ചുഴലിയിൽ വീടിന് നേരെ അജ്ഞാതരുടെ അക്രമണം. ചുഴലിയിലെ പീടികയുള്ള നിരവുമ്മൽ കണാരന്റെ വീടിന് നേർക്കാണ് അക്രമണമുണ്ടായത്. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടു വളപ്പിലെ കരിങ്കല്ലുകൾ ഉപയോഗിച്ചാണ് അക്രമം നടത്തിയത്.
വീടിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ പൂർണമായും തകർക്കപ്പെട്ടിട്ടുണ്ട്. മുൻവശത്തെ വാതിലിനും ഭിത്തിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. നിലത്തെ ടൈലുകളും പൊട്ടിയിട്ടുണ്ട്. സംഭവ സമയത്ത് കണാരന്റെ മകനും ഭാര്യയും മക്കളും അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു.
ഇവർ ബഹളം വച്ചതിനെത്തുടർന്ന് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞിരുന്നു. കുടുംബം വളയം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വളയം പേലീസ് സംഘം വീട്ടിലെത്തി പരിശോധനകൾ നടത്തി.