ഹൃദയം തുടി കൊട്ടും സ്മാരകം; ടി.പി. സ്ക്വയര്‍ നാടിന് സമര്‍പിച്ചു
1548092
Monday, May 5, 2025 5:43 AM IST
വടകര: ടി.പി. ചന്ദ്രശേഖരന് വെട്ടേറ്റു വീണ മണ്ണില്‍ ഹൃദയം തുടി കൊട്ടുന്ന കാഴ്ചകളുമായി സ്മാരകം ഉയര്‍ന്നു. ടിപി രക്തസാക്ഷി സ്ക്വയര്‍ എന്നു പേരിട്ട മന്ദിരം ടിപിയുടെ പതിമൂന്നാം രക്തസാക്ഷി ദിനത്തില്‍ നാടിനു സമര്‍പിച്ചു.
ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടുന്ന സമയത്ത് ഓടിച്ച ബൈക്കും ധരിച്ച വാച്ചും കണ്ണടയുമെല്ലാം ടി.പി. രക്തസാക്ഷി സ്ക്വയറിലുണ്ട്. ഇവയോടൊപ്പം ഓര്‍മകളുടെ നെരിപ്പോട് ഉയര്‍ത്തുന്ന ചിത്രങ്ങളും വേദനിക്കുന്ന കാഴ്ചകളായി ഇവിടെ കാണാം. ഒപ്പം ഡിജിറ്റല്‍ ലൈബ്രറിയും.
ഇന്നലെ രാവിലെ ആര്‍എംപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല ടി.പി. സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു. മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ച ടിപിയുടെ പൂര്‍ണകായ പ്രതിമ അനാഛാദന കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ആര്‍എംപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ഗംഗാധര്‍ നിര്‍വഹിച്ചു. വള്ളിക്കാട്ട് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്തായാണ് റോഡിനോട് ചേര്‍ന്ന് സ്ക്വയര്‍ നിര്‍മിച്ചത്. ഈ സ്ഥലം ആര്‍എംപിഐ വില കൊടുത്ത് വാങ്ങുകയായിരുന്നു.
ഇവിടെ ഉയര്‍ത്തിയ ടിപി സ്തൂപം പലതവണ തകര്‍ക്കപ്പെട്ടു. പതിമൂന്നാം വര്‍ഷത്തിലാണ് ടിപിയുടെ സ്മരണകള്‍ നിറഞ്ഞ മൂന്ന് നില മന്ദിരം നിര്‍മാണം പൂര്‍ത്തിയായി നാടിന് സമര്‍പിച്ചിരിക്കുന്നത്. 2012 മേയ് നാലിനു രാത്രിയാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.