വഖഫ് ഭേദഗതി സ്വത്ത് കൊള്ളയടിക്കുന്നത് തടയാന്‍: സി.കെ. പത്മനാഭന്
1548078
Monday, May 5, 2025 5:30 AM IST
കോഴിക്കോട്: സാധാരണ മുസ്ലീംകള്‍ക്ക് ഉപയുക്തമാകേണ്ട വഖഫ് സ്വത്ത് ചില പുരോഹിതര്‍ കൊള്ളയടിക്കാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്. ബിജെപി കോഴിക്കോട് സിറ്റി ജില്ലാകമ്മറ്റി നടത്തിയ വഖഫ് ഭേദഗതി നിയമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീം സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന വഖഫ് നിയമം പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായി അധികാരത്തിലെത്തിയവര്‍ മതപുരോഹിതര്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കി. ദുരൂഹമായ കാര്യങ്ങളാണ് വഖഫിന്റെ കാര്യത്തില്‍ നടക്കുന്നത്. മുനമ്പം മാത്രമല്ല കുംഭമേള നടന്ന പ്രയാഗ് രാജും പാര്ലമെന്റ്നില്ക്കുന്ന സ്ഥലവും ഉള്‍പ്പെടെ രാജ്യത്തെ ഭൂരിഭാഗ സ്വത്തും വഖഫ് ചെയ്തതാണെന്ന് ചില മതപുരോഹിതര്‍ പറഞ്ഞപ്പോഴാണ് ജനം അതിന്റെ ഭീകരത മനസ്സിലാക്കിയത്.
രാജ്യത്ത് എന്ത് പുരോഗമനപരമായ നിയമം കൊണ്ടുവന്നാലും അത് മുസ്ലീം വിരുദ്ധമാക്കി യുദ്ധസമാനമായ വികാരം ഇളക്കിവിടുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും. ഒരുമിച്ച് കഴിയേണ്ട ജനതയെ വിഭജിച്ച് ചോരപ്പുഴ ഒഴുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പഹല്‍ഗാം കൂട്ടക്കൊലയ്ക്കുശേഷം എന്തുകൊണ്ട് യുദ്ധത്തിലൂടെ തിരിച്ചടിക്കുന്നില്ല എന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.
ഇപ്പോള്‍ കാണുന്ന നിശബ്ദത കൊടുങ്കാറ്റിനു മുന്നിലെ ശാന്തതമാണ്. രാഷ്ട്രമെന്ന നിലയില്‍ യുക്തിഭദ്രമായി നിലനില്‍ക്കാനുള്ള യോഗ്യത പാക്കിസ്ഥാന് ഇല്ല. ഇന്ത്യാവിരുദ്ധതയില്‍ വൈകാരികമായാണ് ആ രാജ്യം ഇത്രകാലം നിലനിന്നത്. പാക്കിസ്ഥാന് പ്രേമം പ്രച്ഛന്നമായി തുടരുന്നവരും ഇടതു-വലതു പൂതനമാരും ശത്രുരാജ്യത്തിന് ഊര്‍ജം പകരുന്ന നിലപാടെടുത്താലും വൈകാതെ പാക്കിസ്ഥാന് ഭൂമുഖത്തു നിന്ന് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു അധ്യക്ഷനായിരുന്നു. ജീവന ഡയറക്ടര്‍ ഫാ.ആല്‍ഫ്രഡ് വടക്കെതുണ്ടിയില്, ടി.വി.ഉണ്ണികൃഷ്ണന്, അഡ്വ. രമ്യ മുരളി, എം.സുരേഷ്, വി.കെ. സജീവന്, അഡ്വ. എന്‍. അരവിന്ദന്, അഡ്വ. വി.ശ്യാംഅശോക്, അബ്ദുള്‍ റസാഖ്, ജോയ് വളവില്‍ എന്നിവര്‍ പങ്കെടുത്തു.