ജപ്പാൻ കുടിവെള്ള പദ്ധതി കുഴി കാരണം കച്ചവടം മുടങ്ങി; കേസെടുത്തു
1548406
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട് : പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടിയെടുത്ത വലിയ കുഴി കാരണം വ്യാപാരിക്ക് ഒരു മാസമായി കച്ചവടം നടത്താൻ നിവൃത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ജല അതോറിറ്റി കോഴിക്കോട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
പരാതി പരിശോധിച്ച് 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
തച്ചറാത്ത് കുഞ്ഞിക്കണ്ണൻ എന്നയാളുടെ ചെറിയ കടമുറിയ്ക്ക് മുന്നിലാണ് വലിയ കുഴിയെടുത്തത്. നാലു ദിവസത്തിനകം കുഴിമൂടാമെന്ന ഉറപ്പാണ് നൽകിയത്. എന്നാൽ ഒരു മാസമായിട്ടും കുഴി മൂടിയിട്ടില്ല. ഇതിന് സമീപമുള്ള ട്രാൻസ്ഫോർമർ കുഴിയിലേക്ക് മറിഞ്ഞു നിൽക്കുന്നു. പഞ്ചായത്തിൽ അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഒരു മാസമായി കടയിലേക്ക് ആളുകൾക്ക് കയറാനാവുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.