മലയോര ഹൈവേ നിർമ്മാണം: ചക്കിട്ടപാറയിൽ റോഡ് താലൂക്ക് സർവെയർ അളക്കും
1548417
Tuesday, May 6, 2025 7:37 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചക്കിട്ടപാറ ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിർമ്മാണത്തിൽ ഉയർന്നിരിക്കുന്ന അതിര് നിർണയ പ്രശ്നം പരിഹരിക്കുവാൻ തീരുമാനമായി. താലൂക്ക് സർവേയറെ കൊണ്ട് റോഡ് വീതി അളവു നടത്തുവാൻ ഇന്നലെ ചക്കിട്ടപാറ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു.
ഇതിനുവേണ്ടി രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. ജി. ഭാസ്കരൻ (സി.പി.എം) ചെയർമാനും, റെജി കോച്ചേരി (കോൺഗ്രസ്) കൺവീനറുമായി സപ്പോർട്ടിംഗ് കമ്മിറ്റിക്കു രൂപം നൽകി. ഹൈവേ പ്രവർത്തി ചക്കിട്ടപാറ ടൗണിൽ എത്തിയപ്പോഴാണ് റോഡിന്റെ വീതി നിർണയത്തിലെ അപാകത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കാര്യങ്ങൾ കെആർഎഫ്ബി. ഉദ്യോഗസ്ഥരോടും കരാറുകാരോടും പറഞ്ഞെങ്കിലും ചെവിക്കൊള്ളാൻ അവർ തയാറായില്ല. ഇതോടെ പണി വ്യാപാരികൾ തടഞ്ഞു. നാട്ടുകാർ ഒപ്പുശേഖരണം നടത്തി താലൂക്ക് വികസനസമിതിക്ക് കൂട്ട പരാതിയും നൽകി. ഇതോടെ ടി.പി. രാമകൃഷ്ണൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ പെരുവണ്ണാമൂഴിയിൽ വിളിച്ചു ചേർത്തു. ജനഹിതത്തിനനുസരിച്ച് മലയോര ഹൈവേ നിർമ്മാണം നടത്താൻ നിർദ്ദേശം നൽകി.
ഇതോടെയാണ് താലൂക്ക് സർവെയർ റോഡിന്റെ വീതിയും അതിരും നിർണയിക്കട്ടെയെന്ന തീരുമാനമുണ്ടായത്. പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് വികസനത്തിനു വേണ്ടി വർഷങ്ങൾക്കു മുമ്പ് അക്വയർ ചെയ്ത മുഴുവൻ സ്ഥലവും കണ്ടെത്തി സർക്കാർ അധീനതയിൽ നിലനിർത്താനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തവർ ഒന്നടങ്കം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ജനപ്രതിനിധികളായ ഇ.എം. ശ്രീജിത്ത്, ജിതേഷ് മുതുകാട്, ഗിരിജ ശശി, രാഷ്ട്രീയ പാർട്ടി നേതാക്കളായ റെജി കോച്ചേരി, എ. ജി. ഭാസ്കരൻ, രാജൻ വർക്കി, ബാബു കൂനംതടം, ജെയിംസ് മാത്യു, പ്രദീപൻ ചക്കിട്ടപാറ എന്നിവരും കെആർഎഫ്ബി. ഉദ്യോഗസ്ഥരും സംബന്ധിച്ചു.