സെമിനാർ, ചിത്രം വര, സിനിമ... സജീവമായി "എന്റെ കേരളം' പ്രദര്‍ശന-വിപണന മേള
1548613
Wednesday, May 7, 2025 4:48 AM IST
സൈബര്‍ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാന്‍ കരുത്ത് പകര്‍ന്ന് സെമിനാര്‍
കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും ചതിക്കുഴികളും ചര്‍ച്ച ചെയ്ത് "എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. "സൈബര്‍ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാം' വിഷയത്തില്‍ പോലീസ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പൊതുജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാതെ സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്ന് ചിന്തിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ പോലീസിന്റെ നേട്ടങ്ങള്‍ അഭിമാനകരവും മാതൃകാപരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റ് ഉപയോഗം അധികമായപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിച്ചെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഉമേഷ്, പോലീസ് സൈബര്‍ എക്സ്പേര്‍ട്ട് കെ. ബീരജ്, നിംഹാന്‍സ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സോനു എസ്. ദേവ് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന് മോഡറേറ്ററായി.
ക്രിയേറ്റീവ് കോര്‍ണറില്‍ വര്‍ണവിസ്മയം തീര്‍ത്ത് നിഹാരിക രാജ്
ചുറ്റും കൂടിനിന്നവര്‍ക്ക് മുമ്പില്‍ നിമിഷനേരംകൊണ്ട് മനോഹര ചിത്രങ്ങളൊരുക്കി നിഹാരിക രാജ്. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ ക്രിയേറ്റീവ് കോര്‍ണറിലാണ് ഗിന്നസ് ജേതാവായ നിഹാരിക വരയുടെ വര്‍ണവിസ്മയം തീര്‍ത്തത്. പച്ചപുതച്ച ഗ്രാമവും മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകനും മണ്പാതയും അതിലൊരു കൊച്ചുവീടുമൊക്കെ നിഹാരികയുടെ വരയില്‍ തെളിഞ്ഞു.
സംസ്ഥാന തലത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രരചന മത്സരങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ മിടുക്കിയാണ് നിഹാരിക. പൊയില്‍ക്കാവ് എച്ച്എസ്എസില്‍ ഈ വര്‍ഷം പത്താം ക്ലാസിലേക്ക് വിജയിച്ച നിഹാരിക അക്രിലിക്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ്, ഓയില്‍ പെയിന്റിംഗ്, ക്ലേ വര്‍ക്ക് എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട്.
2023ലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്. നിഹാരികക്ക് പുറമെ ക്രിയേറ്റീവ് കോര്‍ണറില്‍ പടിഞ്ഞാറ്റുമുറി ജിയുപിഎസിലെ കുട്ടി റേഡിയോ ജോക്കികളും കാരിക്കേച്ചര്‍ വരയുമായി കൊയിലാണ്ടി അരിക്കുളം സ്വദേശി അതുലുമുണ്ടായിരുന്നു.
വരയും പാട്ടും സംഗീതവും ഉള്‍പ്പെടെയുള്ള വ്യത്യസ്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുന്ന ക്രിയേറ്റിവ് കോര്‍ണറില്‍ ഓരോ ദിവസവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളാണ് അവതരണത്തിനെത്തുന്നത്. ഇന്ന് രാവിലെ 11 മുതല്‍ കീബോര്‍ഡ്, തബല എന്നിവയുമായി റെനിലും ഹരിനന്ദും എത്തും.
തിയേറ്ററിലിരുന്ന് സിനിമ കാണാം, സൗജന്യമായി
ഒരേസമയം നൂറോളം പേര്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കുകയാണ് "എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ സിനിമ തിയേറ്റര്‍. സെല്ലുലോയ്ഡ്, ചെമ്മീന്‍, ഗോഡ്ഫാദര്, കിരീടം തുടങ്ങിയ സിനിമകളും ഡോക്യുമെന്ററികളുമെല്ലാം രാവിലെ മുതല്‍ ബിഗ് സ്ക്രീനില്‍ ആസ്വദിക്കാം. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് പൂര്‍ണമായും ശീതീകരിച്ച തിയേറ്ററിലെത്തി സിനിമ ആസ്വദിച്ച് മടങ്ങുന്നത്.
ഓഫറുകള്‍ പരിചയപ്പെടുത്തി ബിഎസ്എന്‍എല്‍ സ്റ്റാള്‍
പുതിയ ഓഫറുകളും ഫൈബര്‍ നെറ്റ് കണക്ഷനും പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ ബിഎസ്എന്‍എല്‍ സ്റ്റാള്‍. വിവിധ സര്‍വീസുകള്‍, പഴയ നമ്പറുകളില്‍നിന്ന് മാറാതെ പുതിയ കണക്ഷന് എടുക്കാനുള്ള സംവിധാനം, വൈഫൈ മോഡം മാതൃകകള്‍ തുടങ്ങിയവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
കണക്ഷന് സംബന്ധിച്ച പരാതികളും സ്വീകരിക്കുന്നുണ്ട്. 399 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകള്‍ മുതല്‍ 9500 ജിബി വരെ ലഭ്യമാകുന്ന 4799 രൂപയുടെ പ്ലാനുകള്‍ വരെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.