വില തകർച്ച; കോഴി കർഷകർ പ്രതിസന്ധിയിൽ : നഷ്ടം താങ്ങാനാകാതെ പലരും കൃഷി ഉപേക്ഷിക്കുന്നു
1549590
Tuesday, May 13, 2025 6:03 PM IST
തിരുവമ്പാടി: ഉത്പാദന ചെലവുപോലും കിട്ടാതെ കോഴി കർഷകർ കൃഷി ഉപേക്ഷിക്കുന്നു. ബ്രോയിലർ കോഴികളുടെ വില്പനയിൽ കർഷകന് കിട്ടുന്ന കൂടിയ വില 80-90 രൂപയാണ്. ചെലവ് 98 രൂപയോളം വരും. സീസണായിട്ടും ഉണ്ടായ വില തകർച്ചയിൽ ഞെട്ടിയിരിക്കുകയാണ് കർഷകർ.
കോഴിക്കുഞ്ഞിനെ 40 രൂപ വിലകൊടുത്തു വാങ്ങി തീറ്റയും മറ്റു പരിചരണങ്ങളും നൽകി 36 മുതൽ 40 ദിവസംവരെ വളർത്തുമ്പോൾ 98 രൂപ ചെലവുവരുമെന്ന് കർഷകർ പറയുന്നു. നിലവിൽ 110 രൂപയെങ്കിലും ഒരു കിലോയ്ക്ക് ലഭിച്ചാലേ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്നാണ് കർഷകർ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിൽ കോഴിവില കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തുള്ള കർഷകരിൽ നിന്ന് വിലകുറച്ച് ഇടനിലക്കാർ കോഴി വാങ്ങുന്നത്.
ഒരു കിലോ ബ്രോയിലർ കോഴി തീറ്റയ്ക്ക് 43 രൂപയാണ് വില. അതിനു പുറമേ വാക്സിനും തൊഴിൽ കൂലിയും, കോഴി ഷെഡിൽ വിരിക്കാനുള്ള അറക്കപ്പൊടി, വൈദ്യുതി തുടങ്ങിയവ എല്ലാം ചേർത്ത് കണക്കാക്കുമ്പോൾ വലിയ ചെലവാണ് കോഴി കർഷകർ നേരിടുന്നത്. ഈ ചെലവിന് കണക്കാക്കിയുള്ള വില കോഴിക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ഒമ്പതുമാസമായി കോഴി കർഷകർ വിലയിടിവ് സഹിക്കുകയാണ്. ഇതോടെ പലരും കൃഷി നിർത്തിക്കഴിഞ്ഞു.
നഷ്ടം നേരിടുമ്പോഴും സർക്കാർ നികുതികളും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കോഴിഷെഡുകൾക്ക് ആഡംബര വീടിനുള്ള നികുതിയാണ് കണക്കാക്കുന്നത്. നികുതി ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല. സ്വന്തം ഉപയോഗത്തിനാണെങ്കിൽ മാത്രമേ നികുതിയിളവ് കിട്ടൂ.
കോഴിഫാമും മറ്റും നിർമിക്കുന്നത് സ്വന്തം ഉപയോഗത്തിന് അല്ലാത്തതു കൊണ്ട് ഭീമമായ നികുതി അടയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നോട്ടീസ് വരുന്നു. ഇതിനു പുറമേ ഒരു ശതമാനം ലേബർ സെസും ചുമത്തുന്നു. പോയവർഷം നഷ്ടം കൂടാതെ കൃഷി മുന്നോട്ടു പോയിരുന്നതായും കർഷകർ പറയുന്നു. ഈ വർഷം ഇതുവരെ കർഷകന് ലഭിച്ച കൂടിയ വില 105 രൂപയും കുറഞ്ഞവില 60 രൂപയുമായിരുന്നു. 105 രൂപ കർഷകന് ലഭിച്ചപ്പോൾ വിപണിയിൽ വില 180 കടന്നിരുന്നു.