കർഷക കോണ്ഗ്രസ് കൃഷിഭവൻ മാർച്ചും ധർണയും നടത്തി
1549623
Tuesday, May 13, 2025 6:30 PM IST
കോട്ടത്തറ: കർഷക കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവൻ മാർച്ചും ധർണയും നടത്തി. കേര കർഷകർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുക വകമാറ്റി ചെലവഴിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിക്കുക, വരൾച്ച, പ്രകൃതിക്ഷോഭം, വന്യജീവി ശല്യം എന്നിവ മൂലം കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുക,
വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക, സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി അനുവദിക്കുക, കർഷക പെൻഷൻ കൃത്യസമയം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ജോസ് ഇരുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. ആന്റണി പാറയിൽ അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ, കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയംഗം സുധീഷ്കുമാർ ഇരുളം, ശാന്ത ബാലകൃഷ്ണൻ, വി.ഡി. സാബു, വി.ജെ. സ്റ്റീഫൻ, പി.കെ. ജോണ് എന്നിവർ പ്രസംഗിച്ചു. വി.ഡി. രാജു സ്വാഗതവും പി.എൽ. അനീഷ് നന്ദിയും പറഞ്ഞു.