വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി
1297992
Sunday, May 28, 2023 6:55 AM IST
വെന്പല്ലൂർ: വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അഞ്ചങ്ങാടി 33 കെവി സബ്സ്റ്റേഷൻ കോന്പൗണ്ടിൽ പുതുതായി നിർമ്മിച്ച മതിലകം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വകുപ്പിന് കീഴിലുള്ള പദ്ധതികൾ കാലതാമസം കൂടാതെയാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും നിരവധി വികസന പ്രവർത്തനങ്ങൾ സമയത്തിന് തന്നെ പൂർത്തീകരിക്കുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇ.ടി. ടൈസണ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി ഡയറക്ടർ (ഡിസ്ട്രിബ്യൂഷൻ) സി. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ലളിത, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.എസ്. ജയ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽ രാജ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർ ശോഭന ശാർങ്ങധരൻ, കെ.കെ. അബീദലി, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, എൻസിപി മണ്ഡലം പ്രസിഡന്റ് മോഹനൻ കണിച്ചേടത്ത്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല, കോണ്ഗ്രസ് എസ്.എൻ. പുരം മണ്ഡലം വൈസ് പ്രസിഡന്റ് ടി .എസ്. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
69 ലക്ഷം വിനിയോഗിച്ചാണ് മതിലകം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം നിർമ്മിച്ചത്. ദേശീയപാത ശ്രീനാരായണപുരം സെന്ററിന് സമീപത്തെ വാടക കെട്ടിടത്തിലാണ് ഇതേവരെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.