പൂരത്തിനിടെ ആന വിരണ്ടോടി; 42 പേർക്കു പരിക്ക്
1548773
Thursday, May 8, 2025 2:01 AM IST
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. തിക്കിലും തിരക്കിലും 42 പേർക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം.
ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേർ 15 മിനിറ്റോളം നിലത്തിറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടിസമൂഹമഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്.
ആന ആരെയും ഉപദ്രവിക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സമീപത്തുനിന്ന ആന തൊട്ടതോടെയാണ് രാമൻ ഓടിയത്
എലിഫന്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരെയും പ്രാഥമികചികിത്സയ്ക്കുശേഷം വിട്ടയച്ചു. മെഡിക്കൽ കോളജിൽ മൂന്നുപേർ ചികിത്സ തേടി. പരിക്കേറ്റു ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി കെ. രാജൻ സന്ദർശിച്ചു.
പരിക്കേറ്റവർക്കു തിരുവമ്പാടി ദേവസ്വം ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഇതിനുപുറമെ പരിക്കേറ്റവരുടെ ചികിത്സാചെലവ് തിരുവമ്പാടി ദേവസ്വം വഹിക്കുമെന്നും സെക്രട്ടറി കെ. ഗിരീഷ്കുമാർ അറിയിച്ചു.