സര്‍ക്കാരിന്റെ അനുമതി തേടാന്‍ കൗണ്‍സില്‍
1299442
Friday, June 2, 2023 1:00 AM IST
ചാവക്കാട്: നഗരസഭയുടെ അംഗീകൃത മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ മാസ്റ്റര്‍ പ്ലാന്‍ സ്പെഷല്‍ കമ്മിറ്റി അംഗങ്ങളെ തന്നെ മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരണ കമ്മിറ്റി അംഗങ്ങളാക്കി നിയമിക്കാനും തീരുമാനിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ (കമ്മിറ്റി ചെയര്‍പേഴ്സണ്‍), എം.ആര്. രാധാകൃഷ്ണന്(അംഗം), കെ.വി. സത്താര്‍ (അംഗം), നഗരസഭ സെക്രട്ടറി (കണ്‍വീനര്‍), ജില്ലാ നഗരാസൂത്രകന്, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്നിവരാണ് സ്പെഷല്‍ കമ്മിറ്റി അംഗങ്ങള്‍.
നഗരസഭയിലെ പ്രാഥമിക പരിരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നഗരസഭയ്ക്കു ലഭ്യമായ പതിനഞ്ചാം ധനകാര്യ കമ്മീഷന് ആരോഗ്യമേഖലാ ഗ്രാൻഡ് അഡീഷണല്‍ വിഹിതമായ 71.05 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ പദ്ധതികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു.
360 ഡിഗ്രി എന്‍സിഡി കെയര്‍ സെന്റര്‍ 45 ലക്ഷം, പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കല്‍ 24 ലക്ഷം, കാന്‍സര്‍ കെയര്‍ പ്രൊജക്ടുകള്‍ 2.05 ലക്ഷം എന്നിവക്കാണ് തുക വിനിയോഗിക്കുക. "മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ അഞ്ചിനകം പൂര്‍ത്തീകരിക്കാനും അന്ന് ഉച്ചക്ക് രണ്ടിന് നഗരസഭ തലത്തില്‍ ഹരിതസഭ ചേരാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് യോഗത്തില്‍ അധ്യക്ഷയായി.