ചാലക്കുടിയിൽ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം; സംഘർഷം
1299702
Saturday, June 3, 2023 1:18 AM IST
ചാലക്കുടി: തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ടൗൺഹാളിനു മുൻ വശത്തെ റോഡരികിലുള്ള അനധികൃത തെരുവ് കച്ചവടക്കരെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്. കച്ചവട സാധനകൾ എടുത്തു മാറ്റുവാൻ നടത്തിയ ശ്രമം തെരുവുകച്ചവടക്കാർ തടഞ്ഞു.
നഗരസഭ ഉദ്യോഗസ്ഥർക്കുനേരെ കൈയേറ്റം ഉണ്ടായി. ഹെൽത്ത് സൂപ്രവൈസർ രമേശിനു പരിക്കേറ്റു. ഒടുവിൽ അംഗീകൃത കച്ചവടക്കാർ ഒഴികെയുള്ളവർ ഒഴിഞ്ഞുപോകാൻ സമ്മതിച്ചതോടെയാണു പ്രശ്നം തീർന്നത്. നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതായി നഗരസഭ പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
കൈയേറ്റത്തിൽ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാർ പണിമുടക്കി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യാതൊരു മുന്നറിയിപ്പും
നൽകിയില്ല:
കച്ചവടക്കാർ
ചാലക്കുടി: യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ടൗൺഹാളിനു മുൻവശത്തെ റോഡരികിലെ തെരുവുകച്ചവടക്കാരുടെ സാധനങ്ങൾ നഗരസഭ അധികൃതർ പിടിച്ചെടുത്ത് വാഹനത്തിൽ കയറ്റിയതെന്ന് തെരുവു കച്ചവടക്കാർ ആരോപിച്ചു.
അംഗീകൃത തെരുവുകച്ചവടക്കാരുടെ സാധനങ്ങളും നഗരസഭ പിടിച്ചെടുത്തതായി അവർ പറഞ്ഞു. നേരത്തേ തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാമെന്ന് നഗരസഭ ഉറപ്പു നൽകിയിരുന്നു. ഇതു പാലിക്കാതെയാണ് ഒഴിപ്പിക്കാൻ എത്തിയത്.
യുഡിഎഫ് പാർലിമെന്ററി
പാർട്ടി പ്രതിഷേധിച്ചു
സംഭവത്തിൽ നഗരസഭ യുഡിഎഫ് പാർലിമെന്ററി പാർട്ടി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തെരുവു കച്ചവടവുമായ് ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് അവരുടെ പ്രതിനിധികൾ കൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്. ആനമല ജംഗ്ഷൻ മുതൽ സൗത്ത് ജംഗ്ഷൻ വരെയുള്ള പഴയ എൻഎച്ച് ഉം മാർക്കറ്റ് റോഡും പൂർണമായും തെരുവു കച്ചവട നിരോധിത മേഖലയായി ഈ കമ്മിറ്റിയും തുടർന്ന് കൗൺസിലും അംഗീകരിച്ചിട്ടുള്ളതാണ്. ഇതു വിജ്ഞാപനം ചെയ്തിട്ടുമുണ്ട്.ഈ മേഖലയിലുള്ള അംഗീകൃത തെരുവു കച്ചവടക്കാരെ മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതുവരെ ഇവിടെ നിലനിർത്താനും മറ്റുള്ളവരെ ഒഴിപ്പിക്കാനും കമ്മിറ്റിയും കൗൺസിലും തീരുമാനിച്ചിട്ടുള്ളതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്ന് അംഗീകാരമില്ലാത്ത തെരുവു കച്ചവടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി.
നഗരസഭ തീരുമാനമനുസരിച്ചുള്ള നടപടിയാണ് ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ നടത്തിയത്. ഇതു തടസപ്പെടുത്തുകയും ഇവരെ കൈയേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം.
പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോർജ് തോമസ്, ദിപു ദിനേശ്, ജിജി ജോൺസൻ, സൂസമ്മ ആന്റണി, സൂസി സുനിൽ, ബിജു. എസ്. ചിറയത്ത്, അനിൽകുമാർ, കെ.വി. പോൾ, ജോജി കാട്ടാളൻ എന്നിവർ പ്രസംഗിച്ചു.