ജില്ലയ്ക്ക് സ്വപ്ന സാക്ഷാത്ക്കാരം വനഭൂമി പട്ടയ വിതരണത്തിന് പ്രത്യേക ഓഫീസ്
1300050
Sunday, June 4, 2023 8:08 AM IST
തൃശൂർ: വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലുപതിറ്റാണ്ടിലേറെ നീണ്ട സ്വപ്നം യാഥാർഥ്യമായി.
വനഭൂമി പതിവ് സ്പെഷൽ തഹ്സിൽദാരുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. പട്ടയങ്ങളിൽ ഏറ്റവും സങ്കീർണമായ നടപടിക്രമങ്ങളാണു വനഭൂമി പട്ടയങ്ങളുടെതെന്നും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇവ നൽകാനാവൂ എന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അതിലടങ്ങിയ സങ്കീർണമായ നടപടിക്രമങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കുന്നതിന് വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമായി ഓഫീസ് അനിവാര്യമാണ്. 18 തസ്തികകളോടെയാണ് സ്പെഷൽ തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക ഓഫീസ് കലക്ടറേറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ കേന്ദ്രസർക്കാർ തിരിച്ചയച്ച 5000ത്തോളം അപേക്ഷകളിൽ വനം വകുപ്പുമായുള്ള സംയുക്ത പരിശോധനയും (ജെവിആർ) സർവേ നടപടികളും ഉൾപ്പെടെ മൂന്നുമാസത്തിനകം പൂർത്തിയാക്കി അവ അംഗീകാരത്തിനായി വീണ്ടും സമർപ്പിക്കുക എന്നതാണ് പുതിയ ഓഫീസിന്റെ പ്രധാന ചുമതല. ജില്ലാ ആസൂത്രണ ഭവനഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ എ.സി. മൊയ്തീൻ, കെ.കെ. രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാ കലക്ടർ വി.ആർ. കൃഷ്ണതേജ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്, സ്പെഷൽ തഹസിൽദാർ വി.ആർ. ഷീജൻ എന്നിവർ പങ്കെടുത്തു.