കാഴ്ചമറയ്ക്കുന്ന പാഴ്മരം വെട്ടിനീക്കണമെന്ന ആവശ്യം ശക്തം
1300338
Monday, June 5, 2023 1:09 AM IST
കൊരട്ടി: അപകടക്കെണിയൊരുക്കി കൊരട്ടി റെയിൽവേ മേൽപ്പാലത്തിന്റെ പ്രവേശന കവാടത്തിലെ മീഡിയനിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ തഴച്ചുവളരുന്ന പാഴ്മരം വെട്ടിനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊരട്ടി എൽഎഫ് ഹയർസെക്കൻഡറി സ്കൂളിനു മുൻപിലുള്ള റെയിൽവേ മേൽപ്പാലത്തിന്റെ കുപ്പിക്കഴുത്തിനു സമാനമായ കവാടത്തിലാണു മരം വാഹന യാത്രികരെ ഭീതിയിലാക്കി തല ഉയർത്തി നിൽക്കുന്നത്.
കാടുകുറ്റി, അന്നമനട, മാള, കുഴൂർ, കൊടുങ്ങല്ലൂർ അടക്കമുള്ള കൊരട്ടിയുടെ പടിഞ്ഞാറൻ മേഖലകളിലേക്കും മാമ്പ്ര, വെസ്റ്റ് കൊരട്ടി, ചെറ്റാരിക്കൽ അടക്കമുള്ള തെക്കൻ മേഖലകളിലേക്കും ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ദേശീയപാതയിൽ നിന്നും കടന്നുവരുന്ന ചെറുതും വലുതുമായ വാഹനങ്ങൾ പാലത്തിന്റെ മറുഭാഗത്തെത്തി ഇരു ദിശകളിലേക്കുമുള്ള പാതകളിലേക്കു തിരിയുമ്പോൾ മരത്തിന്റെ ശിഖിരങ്ങൾ കാഴ്ച മറയ്ക്കുന്നതാണ് അപകടത്തിനു വഴിവെക്കുന്നത്. പ്രധാനമായും ചരക്ക് ലോറികളും ബസുകളുമാണ് ദുരിതം നേരിടുന്നത്.
ഇവിടെയുള്ള സ്പീഡ് ബ്രേക്കർ ശാസ്ത്രീയമല്ലെന്നും ചരക്ക് വാഹനങ്ങൾക്ക് ഭീഷണി ഉയർത്തുന്നതായും ആക്ഷേപമുണ്ട്. നിലവിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലാണ് ഈ പാലം. അപകടക്കെണിയൊരുക്കുന്ന മരം വെട്ടി നീക്കി വാഹന യാത്രികരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.