എടതിരിഞ്ഞി സെന്ററിലെ ജലസംഭരണി പുനർനിർമിക്കും
1301575
Saturday, June 10, 2023 12:52 AM IST
എടതിരിഞ്ഞി: സെന്ററിലെ ജലസംഭരണി ജല അതോറിറ്റി പുനർനിർമിക്കും. നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ടാങ്ക് നിർമിക്കാനാണു നീക്കം. അഞ്ചുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിർമിക്കാൻ പുതിയ പദ്ധതി സമർപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങാനുള്ള തയാറെടുപ്പിലാണ് ജല അതോറിറ്റി. 35 വർഷം പഴക്കമുള്ള ജല അതോറിറ്റിയുടെ കോണ്ക്രീറ്റ് ചെയ്ത തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപൊളിഞ്ഞു.
കോണ്ക്രീറ്റ് തകർന്നുപോയ ഭാഗങ്ങളിൽ കന്പികൾ തുരുന്പെടുത്തു. അപകടാവസ്ഥയിലായ ജലസംഭരണി അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. അറ്റകുറ്റപ്പണിക്കായി പലതവണ ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ജലസംഭരണി നിർമിക്കാനൊരുങ്ങുന്നത്. കാറളം പടിയൂർ ശുദ്ധജല പദ്ധതിയുടെ ഭാഗമായി 1986ലാണ് പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞിയിൽ 3.70 ലക്ഷത്തോളം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് കമ്മിഷൻ ചെയ്തത്. ടാങ്കിനു മുകളിൽ കയറാനുള്ള ഇരുന്പ് ഏണി തുരുന്പു പിടിച്ച് ദ്രവിച്ച് ഏതുസമയവും വീഴാറായ അവസ്ഥയിലാണെന്നും നാട്ടുകാർ പറഞ്ഞു.