മാമ്പുള്ളി കോൾപാടം കൃഷിയോഗ്യമാക്കാൻ ജനപ്രതിനിധികൾ രംഗത്ത്
1337399
Friday, September 22, 2023 1:59 AM IST
അന്തിക്കാട്: മണലൂർ പഞ്ചായത്തിലെ മാമ്പുള്ളി കോൾപാടം കൃഷിയോഗ്യമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളുൾപ്പെടുന്ന സംഘം കോൾപാടത്ത് പ്രതിഷേധ സംഗമം നടത്തി. കഴിഞ്ഞ ജൂൺ മാസത്തിൽ വെള്ളം കയറും എന്ന ഭയത്താൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന്റെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് അഞ്ച് ട്രാക്ടർ പാലങ്ങൾ പൊളിച്ചുനീക്കി.
പാടശേഖര കമ്മിറ്റി ഇത് തടയാൻ ശ്രമിച്ചപ്പോൾ കൃഷിയിറക്കാൻ സമയമാകുമ്പോൾ പാലങ്ങൾ നിർമിച്ചുനൽകാമെന്നാണ് പറഞ്ഞത്. കൃഷിയിറക്കാൻ സമയമായപ്പോൾ പാടശേഖര കമ്മിറ്റിയോട് ചെയ്യാനാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ് നിർദേശംനൽകിയത്.
മൂന്നരലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയാണിത്. അതിനുള്ള സാമ്പത്തികശേഷി പാടശേഖര കമ്മറ്റിയ്ക്കില്ല. അതിനാൽ കൃഷിയിറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പാടശേഖര കമ്മിറ്റി. 110 ഏക്കർ കൃഷി ഭൂമിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ധിക്കാരപരമായ നടപടിയുടെ ഭാഗമായി തരിശിടുന്നത്.
നൂറിൽപരം കൃഷിക്കാരാണ് ഇതിന്റെ ഭാഗമായി ദുരിതത്തിലാകുന്നത്. ഇത്തരം നിലപാടിൽ നിന്ന് പ്രസിഡന്റ് പിന്മാറണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിൽ ജനപ്രതിനിധികളായ വി.എൻ. സൂർജിത്ത്, രാഗേഷ് കണിയാംപറമ്പിൽ, ഷേളി റാഫി, ഷാനി അനിൽകുമാർ, പി.എൻ. ധർമൻ, ബിന്ദു സതീഷ്, സിമി പ്രദീപ് പങ്കെടുത്തു. പാടശേഖര കമ്മിറ്റിയോടൊപ്പം ചേർന്ന് ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.