ബാങ്ക് ഡിമാന്‍ഡ് നോട്ടീസിനെ തുടർന്നു ആത്മഹത്യാശ്രമം: ഒരാൾ വെന്റിലേറ്ററിൽ, രണ്ടുപേർ അപകടനില തരണംചെയ്തു
1338635
Wednesday, September 27, 2023 1:49 AM IST
കാടുകുറ്റി: കാടുകുറ്റി സഹകരണ ബാങ്കിലെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടുണ്ടായ ഡിമാന്‍ഡ് നോട്ടീസ് നടപടികളിൽ മനംനൊന്ത് കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കാതിക്കുടത്ത് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.
69 വയസുള്ള തങ്കമണിയാണ് കറുകുറ്റിയിലെ അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ഇവരുടെ മകൾ ഭാഗ്യലക്ഷ്മി, പേരക്കുട്ടി അതുൽ കൃഷ്ണ എന്നിവർ തീവ്ര പരിചരണ വിഭാഗത്തിൽ ആണെങ്കിലും അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഇരുവരെയും ഇന്ന് മുറിയിലേക്ക് മാറ്റിയേക്കും. പല ജീവിതശൈലീ രോഗങ്ങളുള്ള തങ്കമണിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരം തന്നെയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഈ കുടുംബം അമിതമായ അളവിൽ ഗുളിക പായസത്തിൽ കലർത്തി കഴിച്ചത്. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് വത്സൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് അവശനിലയിലായ മൂവരേയും കണ്ടതും തുടർന്ന് ആശുപത്രിയിൽ എത്തിച്ചതും.
കാടുകുറ്റി സർവീസ് സഹകരണ ബാങ്കിലെ 22 ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ നടപടികളുടെ ഭാഗമായി സഹകരണവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി നോട്ടീസ് ചുമരിൽ പതിച്ചിരുന്നു.
ഇതിന് താത്കാലിക പരിഹാരം കാണാൻ വത്സൻ പരക്കംപായുന്നതിനിടെയാണ് കൂട്ട ആത്മഹത്യാശ്രമം ഉണ്ടായത്. ഇവരുടെ ആശുപത്രി ചെലവുവഹിക്കുന്നതിന് നാട്ടുകാർ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ അതുൽ കൃഷ്ണയുടെ ചികിത്സയ്ക്ക് നാട്ടുകാരുടെ സഹകരണത്തോടെയാണ് വൻ തുക സ്വരൂപിച്ചിരുന്നു.
ഭാഗ്യലക്ഷ്മിയും തങ്കമണിയും പലവിധ രോഗങ്ങളുടെ പിടിയിലാണ്. പരിമിതികൾക്കിടയിലും ഈ കുടുംബത്തിന്റെ ദുരവസ്ഥയിൽ ബാങ്ക് കൂടെ നിന്നതായും സഹകരണ ചട്ടങ്ങൾ അനുശാസിക്കുന്ന നടപടികൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു പറഞ്ഞു.
കുടിശികയേറി വർഷങ്ങൾ നീണ്ടുപോയപ്പോഴാണ് തിരിച്ചടവിനുള്ള ഡിമാൻഡ് നോട്ടീസ് വീട്ടിലെത്തിച്ചത്. ജപ്തി നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. ബാങ്ക് ഭരണസമിതി കഴിഞ്ഞദിവസം കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തി വത്സനുമായി ആശയവിനിമയം നടത്തിയിരുന്നു. ബാങ്കിൽനിന്നും ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്നാണ് വത്സനും പറഞ്ഞത്.