നഗരസഭ വസ്തുനികുതി പരിഷ്കരണം; അന്തിമ അംഗീകാരം നൽകി
1340035
Wednesday, October 4, 2023 1:30 AM IST
ചാലക്കുടി: പുതിയ കെട്ടിടനികുതി നിരക്ക് പരിഷ്കരണം സംബന്ധിച്ച് നഗരസഭാ കൗൺസിൽ അന്തിമ അംഗീകാരംനൽകി. പരിഷ്കരണം സംബന്ധിച്ച് കരട് നിർദേശങ്ങൾ നഗരസഭ വിജ്ഞാ പനം ചെയ്തിരുന്നു.
പരാതികൾ ഒന്നും ലഭിക്കാത്ത തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണത്തിന് കൗൺസിൽ അന്തിമ അംഗീകാരം നൽകിയത്. 2016ലെ ഏകീകരിച്ച കെട്ടിട നികുതി പരിഷ്കരണം മൂലമുണ്ടായ നികുതി വർധനവ് ഇപ്പോൾ ഈടാക്കുമ്പോൾ പലിശയും പിഴ പലിശയും വാങ്ങണമെന്ന നിർദേശം ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചു.
2016 മുതലുള്ള നികുതി വർധന മൂലം ഉണ്ടായിട്ടുള്ള കുടിശിക 2024 മാർച്ച് മാസത്തിനുള്ളിൽ അടക്കുന്നവർക്ക് പലിശയും പിഴ പലിശയും ഒഴിവാക്കി നൽകും. നികുതി കുടിശിക ഗഡുക്കളായി അടക്കാനും സൗകര്യംനൽകും.
നിലവിൽ ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടും ഗതാഗതകുരുക്കും ഉണ്ടാക്കുന്ന സാഹചര്യത്തിൽ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുതിയ സ്ഥലം കണ്ടെത്തുമ്പോൾ അത് ജനങ്ങൾക്ക് ദോഷകരമാകരുതെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
21, 20, 19 വാർഡുകളിലെ കെട്ടിടങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത് ഈ സ്ഥലങ്ങളിലെ ജനങ്ങൾക്കുo വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കും ദോഷകരമാവും എന്നതുകൊണ്ട് ഈ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇതുസംബന്ധിച്ച് വാർഡ് കൗൺസിലർമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചുകൊണ്ട് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കലാഭവൻ മണി പാർക്കിന്റെ പടിഞ്ഞാറുഭാഗത്ത് ഐടിഐയോട് ചേർന്ന 49.5 സെന്റ് റവന്യുപുറമ്പോക്ക് ഭൂമി, മറ്റ് അവകാശികൾ ഇല്ലെങ്കിൽ നഗരസഭയ്ക്ക് അനുവദിക്കണമെന്ന അപേക്ഷയിൽ നിയമാനുസരണം പാട്ടത്തിന് ഭൂമി അനുവദിക്കണമെന്ന് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
പടിഞ്ഞാറെ ചാലക്കുടിയിലെ ഹെൽത്ത് ആന്‍ഡ് വെൽനെസ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 25-ാം വാർഡിൽ അഞ്ചുസെന്റ് ഭൂമി കളക്ടർ നിശ്ചയിക്കുന്ന നിരക്കിൽ വിട്ടുനൽകാമെന്ന കണിച്ചിക്കാട്ടിൽ ജോസിന്റെ വാഗ്ദാനം കൗൺസിൽ അംഗീകരിച്ചു.ഭൂമി ഏറ്റെടുക്കാനും വാല്വേഷൻ നടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയെ സമ്പൂർണ ട്രാഫിക് ബോധവത്കരണ നഗരമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാനുള്ള എസ്ഇഎംഎസ് സ്കൂൾ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം കൗൺസിൽ അംഗീകരിച്ചു. നഗരസഭയുടെ വിവിധ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കെട്ടിടമുറികളുടെ ലൈസൻസികളുടെ കൈമാറ്റത്തിനായുള്ള ബൈലോ തയ്യാറാക്കു്നതിന് സബ് കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു. പഴയ ലൈസൻസികളുടെ കൈമാറ്റത്തിന് അടിസ്ഥാനവാടക 1000 രൂപയായി നിശ്ചയിച്ചു.
ലൈസൻസികൾ തമ്മിൽ റൂമുകൾ കൈമാറ്റം ചെയ്യുമ്പോൾ പുതിയ ഡെപ്പോസിറ്റ് നിരക്കും കൗൺസിൽ അംഗീകരിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, നഗരസഭയിലെ മുഴുവൻ വാർഡുകളിലേയും പ്രധാന റോഡകൾ ശുചീകരിക്കുന്നതിന് സ്പെഷൽ പ്രോഗ്രാം നടത്താൻ കൗൺസിൽ തീരുമാനിച്ചു.
ദേശീയപാതയുടെ സർവീസ് റോഡുകളിൽ മാലിന്യ നിക്ഷേപം തടയുന്നതിന്ന് കാമറ സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. അമൃത് ഗാർഹിക കുടിവെള്ള കണക്ഷനുള്ള അപേക്ഷകൾ ഏഴുവരെ സ്വീകരിക്കും. ചെയർമാൻ എബി ജോർജ് അധ്യക്ഷതവഹിച്ചു.