നവകേരള യാത്ര: ബസ് കയറ്റാന്‍ സ്കൂളിന്റെ മതിൽ പൊളിച്ചു
1375461
Sunday, December 3, 2023 5:36 AM IST
ചെറുതുരുത്തി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കയറാനായി ചെറുതുരുത്തി ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ മതിൽ പൊളിച്ചുനീക്കി. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെയാണ് ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിലെത്തുന്നത്. ഇതിന്റെ ഭാഗമായാണ് മതിൽ പൊളിച്ചത്.
സംസ്ഥാനപാതയ്ക്കു മുമ്പിൽതന്നെയാണ് സ്കൂളിന്റെ കവാടം. എന്നാൽ ബസ് സ്റ്റേജിന്റെ അടുത്തെത്താൻവേണ്ടിയാണ് മതിൽ പൊളിച്ചതെന്ന് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചു. അനുവാദമില്ലാതെ തന്റെ സ്ഥലത്തിൽകൂടി വാഹനം കയറ്റുകയാണെന്നും താൻ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചുമാറ്റിയതായും ആരോപിച്ച് സ്ഥലമുടമ റിട്ട. അധ്യാപകനായ രാഘവൻ രംഗത്തുവന്നു.
ശനിയാഴ്ച പുലർച്ചെയാണ് ആരുമറിയാതെ ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രത്തിനു സമീപമുള്ള സ്കൂൾമതിൽ വലിയ രണ്ട് ബസിന് പോകാനുള്ള നീളത്തിൽ പൊളിച്ചുമാറ്റിയത്. മതിലിന്റെ ഈ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ. രാധാകൃഷ്ണന്റെ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ഇതിനായി നൽകിയിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് എം.ആർ. ജയകൃഷ്ണനും മറ്റു പിടിഎ ഭാരവാഹികളും പറഞ്ഞു.