പാലാക്കാട്ട് പെരുവെമ്പ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ അജിത്ത് കുമാർ. താരത്തിന്റെ തന്നെ കുടുംബക്ഷേത്രമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് മകൾ അനൗഷ്കയ്ക്കൊപ്പം അജിത്ത് ദർശനം നടത്തിയത്. ആറുമാസത്തിനിടെ രണ്ടാം തവണയാണ് താരം പാലാക്കാട് എത്തുന്നത്.
എന്നാൽ ഇത്തവണ മകൾ മാത്രമായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ശാലിനിയും മകനും അജിത്തുമായിരുന്നു ക്ഷേത്രദർശനം നടത്തിയത്.
ചാന്താഭിഷേക ഉത്സവം നടക്കുന്നതിനിടെ ബുധനാഴ്ച രാവിലെ 11.30നാണ് അജിത് മകൾക്കൊപ്പം ഊട്ടുകുളങ്ങര ഭഗവതി ദർശനത്തിനായി പെരുവെമ്പിലെത്തിയത്. ചാന്താട്ട ഉത്സവത്തിന്റെ ഭാഗമായി ഭക്തരുടെ തിരക്കുണ്ടായിരുന്നതിനാൽ പുതുനഗരം പോലീസ് ഇൻസ്പെക്ടർ എസ്.രജീഷിന്റെ നേതൃത്വത്തിൽ പോലീസ് തിരക്ക് നിയന്ത്രിച്ചാണ് ഇവർക്കു ക്ഷേത്രദർശനത്തിനുള്ള സൗകര്യം ഒരുക്കിയത്. അര മണിക്കൂറോളം ക്ഷേത്രത്തിലും ദേവസ്വം ഓഫിസിലുമായി നിന്നതിനു ശേഷം പന്ത്രണ്ടോടെ മടങ്ങി.
ഏറെ പണിപ്പെട്ടാണ് അജിത്തിനെ വാഹനത്തിനടുത്ത് എത്തിച്ചത്. സന്ദർശനം രഹസ്യമായിരുന്നെങ്കിലും ആരാധകർ താരം എത്തുന്നതറിഞ്ഞു. തുടർന്ന് ക്ഷേത്രപരിസരം ജനനിബിഢമായി.
എകെ, അജിത് സർ എന്നു ബഹളം വയ്ക്കുന്ന ആരാധകരോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുന്ന അജിത്തിനെയും കാണാമായിരുന്നു. ആരാധകർ ദേഹത്തു പിടിച്ചും മറ്റും അജിത്തിനെ പ്രകോപിപ്പിച്ചെങ്കിലും ദേഷ്യമടിക്കിപ്പിച്ച് മറുത്തൊന്നും പറയാതെ യാത്രയാകുകയായിരുന്നു.
Tags : ajith kumar palakkad family temple