ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടി അന്ന രാജൻ. താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളുണ്ടായിരുന്നു. തുടർന്നാണ് വൈകാരിക പ്രതികരണവുമായി താരം എത്തിയത്.
ഏറ്റവും ഭക്തിയോടെയാണ് പൊങ്കാലയിടാൻ വന്നതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അന്ന പറഞ്ഞു.
‘‘കൈകൂപ്പി, കണ്ണുനീരോടെ,
ആറ്റുകാൽ അമ്മയുടെ തൃപ്പാദങ്ങളിൽ ഞാൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടിൽ നിന്നുകൊണ്ട്, വിറകടുപ്പിൽ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.
ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
എന്റെ ഭക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നിമിഷങ്ങൾ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം.
ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളിൽ സമർപ്പിച്ചുകൊണ്ട്.’’ അന്ന രാജൻ പറഞ്ഞു.
പൊങ്കാല ചടങ്ങിൽ നിന്നുള്ള അന്നയുടെ വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. താരത്തിന്റെ വസ്ത്രധാരണം ശരിയല്ലെന്നായിരുന്നു വിമർശനങ്ങൾ വന്നത്.
പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്നതരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു.
Tags : Anna Rajan attukal pongala controversy